Skip to main content

നികുതി പിരിവ്; 100% നേട്ടം കൈവരിച്ച് വെളിയന്നൂര്‍ പഞ്ചായത്ത്

 

കഴിഞ്ഞ (2017-18) സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം നികുതി പിരിച്ചെടുത്ത വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിനും ജില്ലയ്ക്കും മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. 100 ശതമാനം നികുതി നേട്ടം കൈവരിച്ച വെളിയന്നൂര്‍ പഞ്ചായത്തിനെയും ജില്ലയില്‍ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 100 ശതമാനം നികുതി നേട്ടം കൈവരിച്ച വാര്‍ഡ് ക്ലാര്‍ക്കുമാരേയും വാര്‍ഡു മെമ്പറുമാരേയും അനുമോദിക്കാന്‍ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയില്‍ 100 ശതമാനം നേട്ടം കൈവരിച്ച ഏക പഞ്ചായത്താണ് വെളിയന്നൂര്‍. 94 ശതമാനം നികുതി പിരിച്ചെടുത്ത് 2016-17 സാമ്പത്തിക വര്‍ഷത്തിലും വെളിയന്നൂര്‍ പഞ്ചായത്തായിരുന്നു ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. പഞ്ചായത്തിലെ 13 വാര്‍ഡുകളിലും 100 ശതമാനം നേട്ടം കൈവരിക്കാനായി. ഇത് ചരിത്രനേട്ടമാണ്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടേയും മെമ്പറുമാരുടെയും ഒറ്റക്കെട്ടായുള്ള പരിശ്രമമാണ് നേട്ടത്തിനു കാരണമെന്നു അദ്ദേഹം പറഞ്ഞു- അദ്ദേഹം പറഞ്ഞു. 

 

നികുതിയിനത്തില്‍ 30,80,281 രൂപയും നികുതിയേതര ഇനത്തില്‍ 4,78,453 രൂപയുമാണ് പഞ്ചായത്ത് പിരിച്ചെടുത്തത്. 99.44 ശതമാനം നികുതി പിരിച്ചെടുത്ത എലിക്കുളം പഞ്ചായത്താണ് ജില്ലയില്‍ രണ്ടാംസ്ഥാനത്ത്. 98 ശതമാനം നികുതി പിരിച്ച ഞീഴൂരും 94.76 ശതമാനം പിരിച്ച കിടങ്ങൂരും 94.55 ശതമാനത്തോടെ മരങ്ങാട്ടുപ്പള്ളിയും യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജില്ലയിലെ 71 പഞ്ചായത്തുകളിലെ 26 വാര്‍ഡുകള്‍ 100 ശതമാനം നികുതി നേട്ടം കൈവരിച്ചിട്ടുണ്ട്. 14 പഞ്ചായത്തുകള്‍ 90 ശതമാനത്തിനു മുകളില്‍ നികുതി പിരിച്ചു. സംസ്ഥാനത്ത് നികുതി പിരിവില്‍ കോട്ടയത്തിന് ആറാം സ്ഥാനമാണ്. 

 

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പ്രശസ്തി പത്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍ പദ്ധതി വിശദീകരിച്ചു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമണി ശശി അദ്ധ്യക്ഷത വഹിച്ചു. ഡി.പി.സി. അംഗങ്ങളായ അനിത രാജു, റെജി, പി.എ.യു. മീനച്ചില്‍ യൂണിറ്റ് സീനിയര്‍ സൂപ്രണ്ട് സി.ആര്‍. പ്രസാദ്, എലിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.റ്റി. ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം. സുശീല്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

date