മന്ത്രിസഭാ വാര്‍ഷികം- കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങി 38 പദ്ധതികള്‍
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ ഉദ്ഘാടനത്തിന് തയ്യാറായി 38 പദ്ധതികള്‍. ഇതില്‍ 26 പദ്ധതികള്‍ നിര്‍മ്മാണം പൂര്‍ത്തിയായതും 12 എണ്ണം നിര്‍മ്മാണോദ്ഘാടനം നടത്താവുന്നതുമാണ്. മെയ് ഒന്നു മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ സജ്ജമായിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മ്മാണോദ്ഘാടനവും നടത്തുമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ അറിയിച്ചു. 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനാണ് ഇതില്‍ പ്രധാനം. നബാര്‍ഡ് വികസനഫണ്ടില്‍ നിന്നും 7.75 കോടി രൂപ ചെലവില്‍ മണിമലയാറിന് കുറുകെ നിര്‍മ്മിച്ച മുണ്ടോലിക്കടവ് പാലമാണ് മറ്റൊരു പദ്ധതി. പി.ഡബ്ല്യു.ഡിയാണ് നിര്‍മ്മാണം. പത്തനാട് നിവാസികള്‍ക്ക് ഏറെ പ്രയോജനകരമായ പത്തനാട് കുളത്തൂര്‍ റോഡും ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. ഒന്നര കോടി രൂപ മുടക്കി നിര്‍മ്മിച്ചതാണ് ഈ റോഡ്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ 72 വീടുകള്‍ തയ്യാറായിട്ടുണ്ട്. ഇവയുടെ താക്കോല്‍ദാനവും ഈ ദിവസങ്ങളില്‍ നടക്കും. പൊന്‍കുന്നം വി.എച്ച്.എസ്.എസ്. സ്‌കൂള്‍ നിയോജകമണ്ഡലത്തിലെ ഹൈടെക് സ്‌കൂള്‍ ആക്കി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനവും മെയ് മാസത്തില്‍ നടക്കും.
കാഞ്ഞിരപ്പള്ളി റോഡ്‌സ് ഡിവിഷനില്‍ എം.എല്‍.എ ആസ്തി വികസനഫണ്ടില്‍ നിന്ന് നിര്‍മ്മിച്ചിട്ടുള്ള 1.56 കോടി രൂപയുടെ റോഡ് വര്‍ക്കുകള്‍ ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. ഇതില്‍ കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, കങ്ങഴ പഞ്ചായത്തുകളില്‍ 40 ലക്ഷം രൂപയുടെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിലെ കൂടത്തിനാല്‍പ്പടി തങ്കപതി-മീനടം റോഡ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ തമ്പലക്കാട് മാംന്തറ റോഡ്, കങ്ങഴ ഗ്രാമപഞ്ചായത്തിലെ കാരമല കാവുങ്കല്‍ റോഡ്, നരോലിപ്പടി കവലിയാവ് റോഡ് എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. നെടുംകുന്നം ഗ്രാമപഞ്ചായത്തില്‍ 70 ലക്ഷം രൂപ മുടക്കി പള്ളിപടി-കൊന്തിയാടതുപടി- പാറയ്ക്കല്‍ റോഡ്, പാങ്ങന്‍തറ- സഞ്ജീവനി-ചേലകൊമ്പ് റോഡ്, മഠത്തുംപടി -കൂനാനി റോഡ് എന്നിവയും പണി പൂര്‍ത്തിയായ പദ്ധതികളാണ്. കറുകച്ചാല്‍ ഗ്രാമപഞ്ചായത്തില്‍ കൂടത്തിനാല്‍പ്പടി-മീനടം-മൂലംച്ചിറ കവലിയാവ് റോഡ് പുനരുദ്ധാരണം, നെടുംകുന്നം ഗ്രാമപഞ്ചായത്തില്‍ മാക്കിക്കുളം തോട്ടിക്കല്‍ റോഡ്, കാഞ്ഞിരപ്പള്ളിയില്‍ നാലാം മൈല്‍ ആലംപ്പറമ്പ് റോഡ്, കടവനാല്‍ കടവ് ലിംഗ് റോഡ് എന്നിവയുടെ പണി അന്തിമഘട്ടത്തിലാണ്.
എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നുള്ള പദ്ധതികളില്‍ ഭരണാനുമതി ലഭിച്ച് പദ്ധതി തുടക്കം കുറിക്കാവുന്നവയുടെ നിര്‍മ്മാണോദ്ഘാടനവും മെയില്‍ നടക്കും. 1.20 കോടി രൂപ മുതല്‍ മുടക്കി കാഞ്ഞിരപ്പള്ളി സി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെയും കാന്റീന്‍ കെട്ടിടത്തിന്റെയും നിര്‍മ്മാണം ആരംഭഘട്ടത്തിലാണ്. പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ നവീകരണമാണ് മറ്റൊരു പദ്ധതി. ഒരു കോടി മുതല്‍ മുടക്കില്‍ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിന്റെ പുതിയ കെട്ടിടവും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും വാഴൂര്‍ മിനി സിവില്‍ സ്റ്റേഷനും നിര്‍മ്മാണോദ്ഘാടനം നടത്തുന്ന പദ്ധതികളാണ്. വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ആര്‍ദ്രം പദ്ധതിയിലെ കെട്ടിടത്തിന്റെ ഉദ്ഘാടനവും 104-ാം നമ്പര്‍ ഹൈടെക് അങ്കണവാടി കെട്ടിടവും ഉദ്ഘാടനം ചെയ്യും. നെടുംകുന്നം, കങ്ങഴ, വാഴൂര്‍, നെടുങ്കുന്നം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും വെള്ളാവൂര്‍ പിഎച്‌സി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഇതോടൊപ്പം നടക്കും. നെടുങ്കുന്നം കര്‍ഷക സംഘത്തിന് മിനി ട്രാക്ടര്‍ വികരണ ഉദ്ഘാടനവും മെയ് മാസം നടക്കും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ശ്രവണ സഹായ ഉപകരണങ്ങള്‍ നല്‍കുന്ന ശ്രുതിമധുരം പദ്ധതിയുടെ ഉദ്ഘാടനം മെയ് 19ന് നടത്തുമെന്നും മറ്റ് പദ്ധതികളുടെ തീയതികള്‍ ഉടന്‍ തീരുമാനിക്കുമെന്നും എംഎല്‍എ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-791/18)
(അവസാനിച്ചു)
- Log in to post comments