Skip to main content

എറണാകുളം ബ്ലോക്ക്തല വാര്‍ത്തകള്‍

ഞാറു നടീല്‍, കള പറിക്കല്‍, തെങ്ങുകയറ്റം:

കൃഷിപ്പണിക്ക് അങ്കമാലിയിലെ മിടുക്കികള്‍ റെഡി

കൊച്ചി: കൃഷിപ്പണിക്കായി അങ്കമാലിക്കാര്‍ക്ക് ഇനി ഇതരസംസ്ഥാന തൊഴിലാളികളെ അന്വേഷിച്ചു പോകണ്ട. നാട്ടുകാരായ 65 മിടുക്കികള്‍ ഏതു കൃഷിപ്പണി ചെയ്യാനും റെഡിയായി നില്‍പ്പുണ്ട്. ആവശ്യപ്പെട്ടാല്‍ ഞാറുനടാനും കളപറിക്കാനും മാത്രമല്ല തെങ്ങുകയറാന്‍ വരെ ഇവര്‍ വരും. ന്യായമായ കൂലി നല്‍കണമെന്നു മാത്രം.

അങ്കമാലി ബ്ലോക്കിന്റെ നേതൃത്വത്തിലാണ് ബ്ലോക്കിന്റെ കീഴില്‍ താമസിക്കുന്ന 65 വനിതകളെ കൃഷിപ്പണികളില്‍ പ്രത്യേക പരിശീലനം നല്‍കി പുറത്തിറക്കിയിരിക്കുന്നത്.  മഹിളാ കിസാന്‍ സശാക്തീകരണ്‍ പദ്ധതി പ്രകാരമാണ് വനിതകള്‍ക്കുള്ള പ്രത്യേക പരിശീലനം പൂര്‍ത്തീകരിച്ചത്.ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ നെല്‍കൃഷി വികസന പരിപാ ടിയാണ് മഹിളാ കിസാന്‍ സ്ത്രീ ശാക്തീകരണ്‍ പരിയോജന. യന്ത്രവല്‍കൃത നെല്‍കൃഷി സമ്പ്രദായങ്ങള്‍ സ്ത്രീകളെ പരിശീലിപ്പിച്ച് അവരെ ഉള്‍പ്പെടുത്തി ലേബര്‍ ബാങ്കുകള്‍ രൂപീകരിക്കുകയും കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ സേവനം ലഭ്യമാക്കി തകര്‍ന്നു കൊണ്ടിരിക്കുന്ന നെല്‍ക്കൃഷി പുനരാരംഭിക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ സ്തീകളുടെ വരുമാനവും സമ്പാദ്യവും വര്‍ധിപ്പിക്കുക പാഴ്‌നിലങ്ങളെ കൃഷിയോഗ്യമാക്കുക, നെല്ലുല്‍പാദനം വര്‍ധിപ്പിക്കുക ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക ജൈവകൃഷി പ്രോത്സാഹിപ്പിക്കുക കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കുക, ജലവും പരിസ്ഥിതിയും സംരക്ഷിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. 

കഴിഞ്ഞ രണ്ടു വര്‍ഷം 40 ദിവസമെങ്കിലും തൊഴിലുറപ്പ് പദ്ധതിയില്‍ പണി എടുത്തിട്ടുള്ള 18 നും 50 നും മധ്യേ പ്രായമുള്ള വനിതകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ഡുകളില്‍ അഞ്ചംഗ ലേബര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ ലേബര്‍ ടീം ടീമുകളെ ഉള്‍പ്പെടുത്തി ബ്ലോക്ക് തലത്തില്‍ ലേബര്‍ബാങ്ക് എന്നതാണ് സംഘടനാ സംവിധാനം. ലേബര്‍ ബാങ്കുകള്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി അതു വഴി പണമിടപാടുകള്‍ ന്നടത്തുകയും ചെയ്യുന്നു. ഫീല്‍ഡ് കോ ഓര്‍ഡിനേറ്റര്‍മാര്‍, ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസര്‍ ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രാമവികസന കമ്മീഷണര്‍ എന്നിവര്‍ ഉള്‍പ്പടെ ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥ സംവിധാനം പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുന്നു.

കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്ത്രീകളെ പരിശീലിപ്പിക്കുകയും ഞാറുനടുന്നതിനും കളപറിക്കുന്നതിന്നും കൊയ്യുന്നതിനും മെതിക്കുന്നതിനും സ്ത്രീ സൗഹൃദ യന്ത്രങ്ങള്‍ ലഭ്യമാക്കുകയാണ് പ്രധാന പരിപാടികള്‍. നാലു ദിവസത്തെ ക്ലാസ് റൂം പരിശീലനവും 14 ദിവസത്തെ ഫീല്‍ഡ് പരിശീലനവും നല്‍കുന്നു. വടക്കാഞ്ചേരിയിലെ ഗ്രീന്‍ ആര്‍മി എന്ന സ്ഥാപനമാണ് പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി തൃശൂര്‍ മലപ്പുറം പാലക്കാട് ജില്ലകളിലാ യി 44 വനിതാ ലേബര്‍ ബാങ്കുകള്‍ രൂപീകരിച്ചു കഴി ഞ്ഞു. മേഖലാ അടിസ്ഥാനത്തില്‍ ലേബര്‍ ബാങ്കുകളെ സംഘടിപ്പിച്ച് മേഖലാ ഫെഡറേഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ മേഖലാ ഫെഡറേഷനുകളുടെ നേതൃത്വത്തില്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അതാത് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷനായ കണ്‍സോര്‍ഷ്യമാണ്. 

അങ്കമാലി ബ്ലോക്കില്‍ നിന്നും 80 പേരെയാണ് പരിശീലനത്തിനയച്ചത്. ഇതില്‍ 65 പേര്‍ക്കു മാത്രമാണ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിശീലനം തുടങ്ങിയത്. വീടുകളില്‍ വാട്ടര്‍ റീ ചാര്‍ജ് ചെയ്യുന്നതിനുള്ള പ്ലംബിംഗ് ജോലികളുടെ പരിശീലനവും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. താഴ്ന്ന വരുമാനക്കാരായ ബി.പി.എല്‍ കുടുംബങ്ങളിലെ അംഗങ്ങളാണ് പലരും. ഉയര്‍ന്ന വിദ്യാഭാസമുള്ളവരും പരിശീലനം നേടിയവരിലുണ്ട്. ജീവാണു വളം നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം ഇവര്‍ക്ക് വരും ദിവസങ്ങളില്‍ നല്‍കും.

 

ഭായിമാരെ മലയാളം പഠിപ്പിക്കാന്‍ ചങ്ങാതി;

മാതൃകയായി സാക്ഷരത മിഷന്റെ മുന്നേറ്റം

കൊച്ചി: സമൂഹത്തില്‍ മികച്ച മാതൃക സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പെരുമ്പാവൂരില്‍ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പരിപാടി. വിജയകരമായ ഈ മുന്നേറ്റമാണ് ഇതര സംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കുന്ന 'ചങ്ങാതി' പദ്ധതി കേരളമെമ്പാടും വ്യാപിപ്പിക്കാന്‍ സാക്ഷരതാ മിഷനെ പ്രേരിപ്പിച്ച ഘടകം. ആയിരത്തി അഞ്ഞൂറിലധികം ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളാണ് പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ഭൂരിഭാഗം ജോലിക്കാരും ഇതര സംസ്ഥാനക്കാരാണ്.

കാസര്‍ഗോഡ് ജില്ലയിലെ തീരദേശത്ത് നടപ്പിലാക്കിയിരുന്ന 'അക്ഷര സാഗരം' സാക്ഷരതാ പരിപാടിയുടെ വന്‍വിജയത്തിനു ശേഷമാണ് ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പരിപാടി എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ 2017 ജൂലൈ 22 ന് തുടക്കം കുറിക്കുന്നത്. മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനത്തോടെ ആയിരുന്നു തുടക്കം. മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇന്‍സ്ട്രക്ടര്‍മാരായി എത്തിയത്. നഗരസഭയിലെ 27 വാര്‍ഡുകളില്‍ 21 എണ്ണത്തിലും ഇതര സംസ്ഥാനക്കാര്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ വാര്‍ഡ് തിരിച്ച് ചുമതലപ്പെടുത്തി കൗണ്‍സിലര്‍മാരുടെ സഹായത്തോടെ 21 വാര്‍ഡുകളിലും ക്ലാസ് ആരംഭിക്കാനായിരുന്നു ഉദ്ദേശം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ആരംഭിക്കുകയും ചെയ്തു. 2017 ഓഗസ്റ്റ് 15 ന് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന വല്ലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല ഹിന്ദിയില്‍ തന്നെ സംസാരിച്ച് മലയാള ഭാഷാ പഠനത്തിന്റെ പ്രസക്തി ഇതര സംസ്ഥാനക്കാര്‍ക്ക് വിശദീകരിച്ച് നല്‍കി.

തൊഴില്‍ശാലകളിലും താമസ സ്ഥലങ്ങളിലും പഠനകേന്ദ്രങ്ങള്‍ ആരംഭിച്ച് 'ഹമാരി മലയാളം  ചങ്ങാതി' പദ്ധതി നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ താമസ സ്ഥലങ്ങള്‍ അനുകൂല സാഹചര്യങ്ങളുള്ളവയല്ല എന്നു ബോധ്യമായി. കൂടാതെ പെരുമ്പാവൂര്‍ ടൗണിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത്  നഗരസഭയ്ക്ക് പുറത്തായിരുന്നു. സാക്ഷരതാ മിഷന്‍ എറണാകുളം ജില്ല അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ ശ്രീജന്‍ ടി.വി, പ്രേരക്മാരായ രജനി, സുനില്‍, പ്രിയ എന്നിവര്‍ പണിശാലകള്‍ കണ്ടു പിടിച്ചു. വല്ലത്തുള്ള എവറസ്റ്റ് പ്ലൈവുഡ് കമ്പനിയിലായിരുന്നു തുടക്കം. അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച വി.ജി. രാജേശ്വരി ടീച്ചര്‍ ആയിരുന്നു ക്ലാസിനു തുടക്കം കുറിച്ചത്. ആരംഭം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലെ മുടങ്ങാതെയുള്ള പഠനം ഇന്നും തുടരുന്നു.

വിദ്യാര്‍ത്ഥികളായ ഇന്‍സ്ട്രക്ടര്‍മാര്‍ മാറി വന്നത് പ്രാരംഭ ദിശയില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിന്നീട് വന്ന 50 പേര്‍ സ്ഥിരമായതോടെ കൂടുതല്‍ ക്ലാസുകള്‍ ആരംഭിക്കുവാനും സജീവമാകാനും തുടങ്ങി. പണിശാലകള്‍ക്ക് പുറമെ വായനശാലകളും മദ്രസകളും പഠനകേന്ദ്രങ്ങളായി മാറി. തുടക്കത്തില്‍ ഏറെ സജീവമായത് സൗത്ത് വല്ലം മദ്രസയിലെ അല്‍ത്താഫും ഹസ്‌നയും നടത്തിയ ക്ലാസുകള്‍ ആയിരുന്നു. ഞായറാഴ്ചകളില്‍ മദ്രസയില്‍ ഖുറാന്‍ പഠനം ആരംഭിച്ചതോടെ തൊട്ടടുത്ത അങ്കണവാടിയിലേക്ക് ക്ലാസ് മാറ്റി. ഞായറാഴ്ചകള്‍ പോലും അവധി ഇല്ലാത്ത പ്രവര്‍ത്തി ദിവസങ്ങള്‍ ആയപ്പോള്‍ കമ്പനിക്കുള്ളില്‍ പോയി ക്ലാസ് തുടര്‍ന്നു.

എവറസ്റ്റ് പ്ലൈവുഡില്‍ മൂന്ന് ക്ലാസുകള്‍ കൂടി ആരംഭിച്ചു. വൈകീട്ട് 3 മുതല്‍ 6 വരെ ആയിരുന്നു ക്ലാസ്. ആശയ വിനിമയ സംവാദങ്ങളെല്ലാം നിറഞ്ഞ ക്ലാസ് സജീവമായിരുന്നു. തുടക്കം മുതല്‍ ക്ലാസ്സിന് എത്തിയിരുന്ന ചന്ദന്‍ കുമാര്‍ എന്ന പതിനേഴുകാരന്‍ തുടര്‍വിദ്യാഭ്യസം ആഗ്രഹിക്കുന്ന ആളാണ്. നാട്ടില്‍ ഏഴാം ക്ലാസ് വരെ പഠിച്ച ചന്ദന്‍ നന്നായി മലയാളം പഠിച്ചു കഴിഞ്ഞാല്‍ ഇവിടെ നിന്നും പത്താംതരം തുല്യത എഴുതി പാസാകാന്‍ ആഗ്രഹിക്കുന്നു. 

മൂന്നിലധികം പ്ലൈവുഡ് കമ്പനികളുടെ അടുത്തുള്ള സാധു സംരക്ഷണ സമിതിയിലും ക്ലാസുകള്‍ നടക്കുനുണ്ട്.  ആദില്‍ റഹ്മാന്‍, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, നാസില്‍ കെ.റഷീദ്, ഇര്‍ഫാന ഷാഹുല്‍ ഹമീദ്, അബ്ദുല്‍ അഹദ് ബഷീര്‍, അബ്ദുല്‍ സമദ് ബഷീര്‍, നബീല്‍ ഇ. ജമാല്‍, ഷിയാസ്, മുഹമ്മദ് വസീം അബ്ദുള്ള, ഹസനത് കെ.എ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഇവിടെ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ അല്‍പം പ്രയാസമാണെങ്കിലും ഇന്‍സ്ട്രക്ടര്‍മാര്‍ മുടങ്ങാതെ എത്തും. താമസിക്കുന്നിടത്തും കമ്പനികള്‍ക്കുള്ളിലും കയറി ഇറങ്ങിയാണ് പഠിതാക്കളെ ക്ലാസില്‍ എത്തിക്കുന്നത്. പെരുമ്പാവൂര്‍ നഗരസഭയിലെ ഇ.എം.എസ് വായനശാലയിലും നല്ല രീതിയില്‍ ക്ലാസ് നടക്കുന്നുണ്ട്. ഫിദ അബൂബക്കര്‍, ഫാത്തിമ നസ്‌റിന്‍, തന്‍സില ഫാത്തിമ, മുഹമ്മദ് റാഷിദ്, ശേഹ പ്രവീണ്‍, ഫാത്തിമ രൈഹാനത്,  ഫേഹ മര്‍സൂക്ക്, മുര്‍ഷിധ കെ.എ എന്നിവരാണ് ഇവിടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.

മാനേജ്‌മെന്റിന്റെ  പൂര്‍ണ സഹായത്തോടെ നടപ്പിലാക്കുന്ന ഗ്രീന്‍ലാന്‍ഡ് പാര്‍ട്ടിക്കിള്‍സ് ബോര്‍ഡിലെ ക്ലാസുകള്‍ ഏറെ ആഹ്ലാദം നല്‍കുന്നതാണെന്ന് കമ്പനി മാനേജര്‍ നന്ദകുമാര്‍ മേനോന്‍ പറഞ്ഞു. ശീതീകരിച്ച കാന്റീന്‍ ആണ് ക്ലാസ് മുറിയായി എല്ലാ ചൊവ്വാഴ്ചയും ഒരുക്കിയിട്ടുള്ളത്. എ.പി.കെ പ്ലൈവുഡ്, മോഡേണ്‍ പ്ലൈവുഡ്, എം.എ.എം പ്ലൈവുഡ് എന്നിവയാണ് മറ്റു പഠന കേന്ദ്രങ്ങള്‍.

സര്‍വ്വേ പ്രകാരം 1701 പഠിതാക്കളെ കണ്ടെത്തിയിരുന്നെങ്കിലും ചിലര്‍ നാട്ടില്‍ പോയതുകൊണ്ടും കമ്പനികള്‍ മാറി ജോലി ചെയ്യുന്നതു കൊണ്ടും മുഴുവന്‍ പഠിതാക്കളേയും ക്ലാസില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. 604 പേരാണ് ക്ലാസില്‍ എത്തിയത്. അതില്‍ 568  പഠിതാക്കള്‍ പരീക്ഷ എഴുതും എന്നാണ് 21042018 ന് മുനിസിപ്പല്‍ തലത്തില്‍ നടന്ന ഇന്‍സ്ട്രക്ടര്‍മാരുടെ അവലോകന യോഗത്തില്‍ നിന്നും കണ്ടെത്തിയത്. എ.പി.കെ പ്ലൈവുഡ് റയോണ്‍പുരം,  സാധു സംരക്ഷണ  സമിതി ഓഫീസ് വല്ലം, എവറസ്റ്റ് പ്ലൈവുഡ് വല്ലം, ഇ.എം.എസ് വായനശാല കഞ്ഞിരക്കാട്, ടി.ആര്‍.ഇ.യു ഓഫീസ് റയോണ്‍പുരം, ഗ്രീന്‍ലാന്‍ഡ്  പാര്‍ട്ടിക്കിള്‍സ് ബോര്‍ഡ്, സൗത്ത് വല്ലം മദ്രസ, എം.എ.എം പ്ലൈവുഡ് കാത്തിരക്കാട് , ഗോള്‍ഡന്‍ ടിമ്പര്‍ പെരുമ്പാവൂര്‍, മോഡേണ്‍ പ്ലൈവുഡ് വല്ലം എന്നിങ്ങനെ 10 പരീക്ഷാ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

 

അനുമോദന യോഗം

കൊച്ചി: മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് പ്രവര്‍ത്തകരെയും അനുമോദിക്കുന്ന ചടങ്ങ്  ഏപ്രില്‍ 30 രാവിലെ 11 മണിക്ക് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. 2017 - 18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ 100 % നേട്ടം, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ 100% മികവ്,  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശരാശരി തൊഴില്‍ ദിനങ്ങള്‍, ജില്ലയില്‍ 100 ദിവസം തൊഴില്‍ ദിനങ്ങള്‍ നല്‍കിയതില്‍ ഒന്നാം സ്ഥാനം എന്നീ നേട്ടങ്ങളാണ് ബ്ലോക്ക് കൈവരിച്ചത്. പഞ്ചായത്ത് തല നികുതി പിരിവില്‍ 100 % പ്രവര്‍ത്തന നേട്ടം കൈവരിച്ച കുഴുപ്പിള്ളി, നായരമ്പലം ഗ്രാമ പഞ്ചായത്തുകളെയും ചടങ്ങില്‍ ആദരിക്കും.

 

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമം

കൊച്ചി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. നിലം, തണ്ണീര്‍ത്തടം എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ ഭവന പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോ ഓഡിനേറ്റര്‍  ഏണസ്റ്റ് തോമസ് മിഷനെപ്പറ്റി ക്ലാസ് എടുക്കുകയും ഗുണഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലുള്ള തൊഴിലാളികള്‍ ചേര്‍ന്ന് ഒരു ലേബര്‍ ടീം ഉണ്ടാക്കുന്നത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന ആശയവും അദ്ദേഹം പങ്കുവച്ചു. കുമ്പളങ്ങി പഞ്ചായത്തില്‍ എല്ലാവര്‍ക്കും ഭവനം എന്ന നേട്ടം കൈവരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. മഴക്കാലത്തിനു മുന്‍പായി പരമാവധി ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഗുണഭോക്താക്കളോട്  അദ്ദേഹം ആവശ്യപ്പെട്ടു.

ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതരായിരിക്കും ഗുണഭോക്താക്കള്‍. സര്‍ക്കാരിന്റെ 4 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിലൂടെ ദിവസേന 221 രൂപയും ലഭിക്കും. ലൈഫ് ഗുണഭോക്താക്കള്‍ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമ്പോഴാണ് ഈ സഹായം ലഭിക്കുന്നത്. സൗഭാഗ്യ പദ്ധതിയിലൂടെ സൗജന്യ വൈദ്യുതി കണക്ഷനും ഗ്യാസ് കണക്ഷനും കൂടി ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ 12,000 രൂപ വരെ കക്കൂസ് നിര്‍മ്മാണത്തിന് ലഭിക്കും. ജില്ലയില്‍ ഇതുവരെ 1500 ഓളം വീടുകളാണ് കരാര്‍ ചെയ്തിട്ടുള്ളത്. 

കുമ്പളങ്ങി പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ 70 പേര്‍ക്കാണ് ലൈഫിന്റെ സഹായം ലഭിക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച 12 പ്ലാനുകളാണ് ലൈഫ് പദ്ധതിക്കായി ഉള്ളത്. ഗുണഭോക്താക്കള്‍ക്ക് ഇവയില്‍ നിന്നു തെരഞ്ഞെടുക്കാവുന്നവയിലോ സ്വന്തം പ്ലാനിലോ പണി പൂര്‍ത്തീകരിക്കാം. സ്വന്തം പ്ലാനുകള്‍ക്ക് പഞ്ചായത്തുകളില്‍ നിന്ന് എത്രയും പെട്ടെന്ന് അനുമതി വാങ്ങേണ്ടതാണ്.

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമല ബാബു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എസ് സുധീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാര്‍ഗരറ്റ് ലോറന്‍സ്, പഞ്ചായത്ത് സെക്രട്ടറി പി.എസ് രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നെല്‍സന്‍ കൊച്ചേരി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുനില്‍രാജ് പി.വി, കെ.എസ്.ഇ.ബി. സബ് എഞ്ചിനീയര്‍ പത്മകുമാര്‍, കൂടാതെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുമ്പളം ഗ്രാമപഞ്ചായത്തിലും ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമം നടന്നു. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളും  സംഗമത്തില്‍  പങ്കെടുത്തു. ഈ പദ്ധതിയിലൂടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൂന്നു പേരെ പൊന്നാട അണിയിച്ച് ആദരിച്ചു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍, ബ്ലോക്ക് ജോയിന്‍ ബി.ഡി.ഒ ശ്യാമള വി എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.

date