കേരളത്തിലെ നഴ്‌സുമാര്‍ മദര്‍ തെരേസയെപ്പോലെയാകണം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍
കേരളത്തിലെ മുഴുവന്‍ നഴ്‌സുമാര്‍ക്കും ജനങ്ങളുടെ മനസില്‍ മദര്‍ തെരേസയുടെ സ്ഥാനം സൃഷ്ടിക്കാനാവണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ക്രിട്ടിക്കല്‍ കെയര്‍ ആന്റ് റീഹാബിലിറ്റേഷന്‍ നഴ്സസ് ഫോറവും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് ദേശീയ നഴ്സിംഗ് കോണ്‍ക്ലേവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്തിടെ മലപ്പുറത്ത് ഒരു കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അവിടെ ജോലി ചെയ്യുന്ന അമ്പിളി എന്ന നഴ്‌സിനെ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പറഞ്ഞത് തങ്ങളുടെ മദര്‍ തെരേസയാണ് അവരെന്നാണ്. അതുപോലെയാകാന്‍ കേരളത്തിലെ എല്ലാ നഴ്‌സുമാര്‍ക്കും കഴിയണമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 999 നഴ്‌സുമാരുടെ പുതിയ തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി പുതിയ 830 തസ്തികകള്‍ ആരോഗ്യ വകുപ്പ് സൃഷ്ടിച്ചു. നഴ്‌സുമാര്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. സര്‍ക്കാരിന്റെ ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി എമര്‍ജന്‍സി കെയര്‍ വകുപ്പ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിഷാദരോഗ ചികിത്‌സാ ക്ലിനിക്കുകളും സ്ഥാപിക്കും. അപൂര്‍വ രോഗങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനെ നേരിടുന്നതിനാവശ്യമായ ഗവേഷണങ്ങള്‍ നടക്കണം. ഇതില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, നഴ്സിംഗ് വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ പ്രൊഫ. പ്രസന്നകുമാരി വൈ., പാലിയം ഇന്ത്യയുടെ ഡോ. എം.ആര്‍. രാജഗോപാല്‍, കെ.എന്‍.എം.സി. രജിസ്ട്രാര്‍ പ്രൊഫ. വത്സ കെ. പണിക്കര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ജോബി ജോണ്‍, ആലപ്പുഴ നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്‍സി ആര്‍., കോട്ടയം നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലത ആര്‍, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ക്രിട്ടിക്കല്‍ കെയര്‍ ഡോ. ദീപക് വി. എന്നിവര്‍ സംസാരിക്കും.
പി.എന്‍.എക്‌സ്.1584/18
- Log in to post comments