Skip to main content

അത്യാധുനിക മറൈൻ ആംബുലൻസുകളുടെ പ്രവർത്തന ഉത്‌ഘാടനം ജനുവരി 28 വ്യാഴാഴ്ച

 

എറണാകുളം : മത്സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളിൽ അതിവേഗത്തിൽ അടിയന്തര രക്ഷ പ്രവർത്തനം നടത്താൻ സഹായകമാവുന്ന  അത്യാധുനിക മറൈൻ ആംബുലൻസ് 'പ്രത്യാശ , കാരുണ്യ ' എന്നിവയുടെ  പ്രവർത്തന ഉത്‌ഘാടനം വ്യാഴാഴ്ച (ജനുവരി 28 ന്)  ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും . ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിക്കും . കൊച്ചിൻ ഷിപ് യാർഡിൽ രാവിലെ 9.30 ന്  ആയിരിക്കും ചടങ്ങുകൾ നടക്കുന്നത്. ആദ്യ അത്യാധുനിക മറൈൻ ആംബുലൻസ് 'പ്രതീക്ഷ'യുടെ  പ്രവർത്തന ഉത്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഓഗസ്റ്റിൽ നിർവഹിച്ചിരുന്നു. 
കേരള തീരത്തെ മൂന്ന് മേഖലകൾ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങൾ  കേന്ദ്രീകരിച്ചായിരിക്കും മറൈൻ ആംബുലൻസിന്റെ പ്രവർത്തനം. അപകടത്തിൽപെടുന്നവർക്ക് ദുരന്ത മുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം അതിവേഗം കരയിലെത്തിക്കാൻ ഈ ആംബുലൻസുകൾ സഹായിക്കും. 23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ  ആഴവുമുള്ള ഈ ആംബുലൻസുകളിൽ 10 പേരെ വരെ ഒരേ സമയം കിടത്തി ചികിൽസിക്കാൻ സാധിക്കും. 700  എച്  പി വീതമുള്ള 2 സ്‌കാനിയ എൻജിനുകൾ ഘടിപ്പിച്ചിട്ടുള്ള ആംബുലൻസുകൾക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭ്യമാകും .  പ്രാഥമിക ചികിത്സക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, 24 മണിക്കൂർ പാരാ മെഡിക്കൽ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യൂ സ്റ്റാഫിന്റെ സേവനം, മോർച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിംഗ്  ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ കോർപറേഷൻ ആണ് സാങ്കേതിക ജീവനക്കാരുടെ സേവനം നൽകുന്നത് 

2018 മെയ്‌ 31 നാണ് മറൈൻ ആംബുലൻസുകളുടെ നിർമാണത്തിനായി കൊച്ചിൻ ഷിപ് യാർഡുമായി സർക്കാർ കരാറിൽ ഏർപ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി വീതം 18.24 കോടിയാണ് പദ്ധതിയുടെ അടങ്കൽ തുക. ഓഖി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഒരു ബോട്ടിന്റെ പൂർണമായ നിർമാണ ചെലവ് ബി. പി. സി. എലും ഒരു ബോട്ടിന്റെ പകുതി നിർമാണ ചെലവ് കൊച്ചിൻ ഷിപ് യാർഡും അവരുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. ബോട്ട് നിർമാണത്തിന് സാങ്കേതിക ഉപദേശം നൽകിയത് കൊച്ചി ആസ്ഥാനമായിപ്രവർത്തിക്കുന്ന സി. ഐ. എഫ്. ടി ആണ്. 

 ചടങ്ങിൽ ഹൈബി ഈഡൻ എം. പി, കൊച്ചിൻ കോർപറേഷൻ മേയർ അഡ്വ . എം അനിൽകുമാർ , എംഎൽ. എമാരായ എസ് ശർമ, വി കെ സി മമ്മദ് കോയ,  കെ. ജെ മാക്സി, ജോൺ ഫെർണാണ്ടസ് എന്നിവർ പങ്കെടുക്കും.

date