Skip to main content

എറണാകുളം അറിയിപ്പുകള്‍

സ്വയം തൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കൊച്ചി:  സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ (50,000- 50 ലക്ഷം വരെ), പെണ്‍കുട്ടികളുടെ വിവാഹം (2,50,000 രൂപ വരെ) വിദ്യാഭ്യാസം, വാഹന വായ്പ (വിവിധ വാഹനങ്ങള്‍ - 10,00,000 വരെ), വിദേശ തൊഴില്‍ വായ്പ (2,00,000 വരെ)  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിധി നോക്കാതെ വ്യക്തിഗത വായ്പ (2,00,000 വരെ), കാര്‍ വായ്പ (7,00,000 വരെ) തുടങ്ങിയ വായ്പാ പദ്ധതികളിലേക്ക് 18 നും 55 നും ഇടയില്‍ പ്രായമുളള ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം  3,50,000 രൂപയില്‍ കവിയാത്തവര്‍ ആയിരിക്കണം. വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു പ്രായപരിധി 65 വയസും കുടുംബ വാര്‍ഷിക വരുമാന പരിധി 3,00,000 രൂപയുമാണ്. വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജാമ്യമോ (മിച്ച ശമ്പളത്തിന്റെ പത്തിരട്ടി പരമാവധി 3 ലക്ഷം വരെ വായ്പ ലഭിക്കും) 4 സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663. 

 

ലഹരി ഉപയോഗം: പരിശോധന കര്‍ശനമാക്കാന്‍ 

താലൂക്ക് വികസനസമിതിയുടെ നിര്‍ദേശം

 

കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നത് തടയുന്നതിന്  പരിശോധന കര്‍ശനമാക്കണമെന്ന് കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ നിര്‍ദേശം. ഇതിനായുള്ള ശുപാര്‍ശ പോലീസ് , എക്‌സൈസ് വകുപ്പുകള്‍ക്ക് നല്കി.

താലൂക്കിലെ വിവിധ സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന മാഫിയ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികളുടെ മയക്കുമരുന്നു ഉപയോഗവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.  കേന്ദ്രീയ വിദ്യാലയങ്ങള്‍ അടക്കമുളള മുഴുവന്‍ സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വിജനമായ പ്രദേശങ്ങള്‍, റയില്‍വെ സ്റ്റേഷന്‍, റയില്‍വെ ട്രാക്ക് പരിസരങ്ങള്‍ എന്നിവിടങ്ങളിലും പോലീസ് എക്‌സൈസ് വകുപ്പുകള്‍ തുടര്‍ച്ചയായ പരിശോധന നടത്തും. വനിതാ പോലീസ്, എക്‌സൈസ് അടക്കമുളള സേനാംഗങ്ങള്‍ മഫ്തിയിലും അല്ലാതെയും നിരന്തര രഹസ്യ നിരീക്ഷണങ്ങളും തുടര്‍ച്ചയായ പരിശോധനകളും നടത്തും.

മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ജയ സോമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍ എന്‍ ആര്‍ വൃന്ദാദേവി, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ഈ മാസം 7 നേത്രചികിത്സാ ക്യാമ്പുകള്‍

കൊച്ചി:  എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം ഏഴ് നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഏഴിന്  തിരുമാറാടി സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ ഹാള്‍, എട്ടിന് മുളവുകാട് തണ്ടാശേരി ടെമ്പിള്‍ ഹാള്‍, 11-ന് എറണാകുളം റ്റി.ഡി.എം ഹാളിനു സമീപമുളള വിമന്‍സ് അസോസിയേഷന്‍ ഹാള്‍, 14-ന് അങ്കമാലി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. 15-ന് ഇലഞ്ഞി പ്രാഥമികാരോഗ്യകേന്ദ്രം, 26-ന് കുന്നുകര പ്രാഥമികാരോഗ്യകേന്ദ്രം, 29-ന് കടയിരുപ്പ് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.

 

അതിഥി അധ്യാപക ഒഴിവ്

കൊച്ചി:  എറണാകുളം ഗവ: ലോ-കോളേജില്‍ 2018-19 അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ അതിഥി അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള യു.ജി.സി മാനദണ്ഡം അനുസരിച്ച് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 

മലയാളം ഇന്റര്‍വ്യൂ മെയ് 17-ന് രാവിലെ 10.30-ന്, ഇംഗ്ലീഷ് 17-ന് ഉച്ചയ്ക്ക് 12-ന്, ഹിന്ദി 17-ന് ഉച്ചയ്ക്ക് ശേഷം രണ്ടിന്, പൊളിറ്റിക്കല്‍ സയന്‍സ് 18-ന് രാവിലെ 10.30-ന്, കൊമേഴ്‌സ് ഇന്റര്‍വ്യൂ 18-ന് ഉച്ചയ്ക്ക് 12-ന്. 

കൊമേഴ്‌സിന് രണ്ട് ഒഴിവും മറ്റ് വിഷയങ്ങള്‍ക്ക് ഓരോ ഒഴിവു വീതവുമാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

 

  

കെട്ടിട നിര്‍മാണത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍: പരിശോധന നടത്തി

കൊച്ചി: കാക്കനാട്, ഇടപ്പള്ളി, വെണ്ണല എന്നിവിടങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍  പരിശോധന നടത്തി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം പണി തുടരാന്‍ എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) മുഹമ്മദ് സിയാദ് ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ അടിയന്തിരമായി പരിശോധന നടത്തുന്നതിന് എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വരും ദിവസങ്ങളിലും നിര്‍മാണ സ്ഥലങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ നടത്തുമെന്ന് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍ അറിയിച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ കെ.എസ് രാജേഷ്, രമേഷ് ബാബു, അജിത്ത്, ജഫര്‍ സാദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.

date