സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം; ജില്ലാതല ഉദ്ഘാടനം ഇന്ന്
ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോമുകള്‍ വിതരണത്തിന് തയ്യാറായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (മെയ് മൂന്ന്) നിലമ്പൂര്‍ ചന്തക്കുന്ന് ജി.എം.എല്‍.പി സ്‌കൂളില്‍ നടക്കും. സൗജന്യപാഠപുസ്തക വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും.
ജില്ലയില്ലെ 365 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഓരോ കുട്ടിക്കും രണ്ടു ജോഡി കൈത്തറി യൂനിഫോമാണ് സൗജന്യമായി നല്‍കുന്നത്. 42 വ്യത്യസ്ത കളര്‍ കോഡുകളിലായാണ് യൂനിഫോം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജില്ലയില്‍ ഹാന്‍വീവാണ് തുണി വിതരണം നടത്തുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ വ്യവസായ വകുപ്പിന്റെ പങ്കാളിത്തം ഉറപ്പു വരുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. കൈത്തറി മേഖലയിലെ പുനരുദ്ധാരണവും ലക്ഷ്യം വെച്ച് നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം മുതലാണ് ആരംഭിച്ചത്. പരമ്പരാഗത തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനും മെച്ചപ്പെട്ട കൂലി ഉറപ്പു വരുത്തക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്.
രാവിലെ പത്തിന് നടക്കുന്ന പരിപാടി പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുല്‍വഹാബ് മുഖ്യപ്രഭാഷണം നടത്തും. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി. ഷീല, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.പി രാജന്‍, നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ മുംതാസ് ബാബു, ശ്രീജ ചന്ദ്രന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്‍. നാസര്‍, വണ്ടൂര്‍ ഡി.ഇ.ഒ പൊന്നമ്മ, നിലമ്പൂര്‍ എ.ഇ.ഒ വിജയന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Log in to post comments