സമ്പൂര്‍ണ്ണ ശുചിത്വ വാര്‍ഡുകള്‍: കര്‍മ്മ പദ്ധതി തയ്യാറാക്കി
പെരിന്തല്‍മണ്ണ: നഗരസഭ കൗണ്‍സിലിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ നഗരസഭയിലെ പത്ത് വാര്‍ഡുകള്‍ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളാവാന്‍ ഒരുങ്ങുന്നു. ഹരിത കേരള മിഷനും സംസ്ഥാന ശുചിത്വ മിഷനും ചേര്‍ന്ന് ആവിഷ്‌കരിച്ച 'സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട്' പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട നഗരസഭകളിലെ പത്ത് വാര്‍ഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്‌കരണം സ്വന്തം ഉത്തരവാദിത്തമാണെന്ന ബോധം വളര്‍ത്തുക, മാലിന്യം കൃത്യമായി വേര്‍തിരിച്ച് സംസ്‌കരിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കുക, ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക, അജൈവ മാലിന്യം വേര്‍തിച്ച് പുനചംക്രമണത്തിന് നല്‍കുക, പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതിരിക്കുക എന്നിങ്ങനെ ഹരിതകേരള മിഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ആറ് മാസക്കാലയളവിനുളളില്‍ സമ്പൂര്‍ണ്ണ ശുചിത്വ വാര്‍ഡായി മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക മാതൃകയായി ഉയര്‍ത്തികൊണ്ടു വരികയാണ് പദ്ധതിയുടെ ലക്ഷ്യം. മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചാല്‍ സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റുകളുടെ നിര്‍ദിഷ്ഠ ഏജന്‍സികള്‍ പരിശോധന നടത്തി വാര്‍ഡുകള്‍ക്ക് സ്റ്റാര്‍ പദവിയും നല്‍കും. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭയെയാണ് പദ്ധതി നടപ്പാക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത് . നഗരസഭയിലെ 4,6,11,12,19,25,27,31,32,34 വാര്‍ഡുകളില്‍ പദ്ധതി നടപ്പാക്കും. പ്രത്യേക ശുചിത്വ സേനയും ഇതിനായി രൂപീകരിച്ചു. നവംബറില്‍ വന്‍ ജനകീയ ഉത്സവത്തോടെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡ് പ്രഖ്യാപനം നടപ്പാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. കാര്‍ഷിക പരിശീലന കേന്ദ്രത്തില്‍ നടന്ന ശുചിത്വ വാര്‍ഡ് കര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പഞ്ഞത്ത് ആരിഫ് അധ്യക്ഷനായി.നഗരസഭ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, ശുചിത്വ മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാജി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അജീഷ്,പ്രോഗ്രാം ഓഫീസര്‍ ജോതിഷ്, അസി,കോര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍ സി., ക്ലീന്‍ കേരള കമ്പനി അസി.മാനേജര്‍ മുജീബ് കെ എന്നിവര്‍ സംസാരിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞി മുഹമ്മദ് സ്വാഗരവും ജെ.എച്ച്.ഐ ദീപേഷ് നന്ദിയും പറഞ്ഞു.
- Log in to post comments