കിഴക്കന്‍ മേഖലയുടെ ഉള്ളറിഞ്ഞ് സാന്ത്വന സ്പര്‍ശം
പുനലൂരില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാന്‍ എത്തിയവര്‍ക്ക് പരാതിയില്‍ മന്ത്രിമാര്‍ സ്വീകരിച്ച അനുകൂല നിലപാട് ആശ്വാസമായി. ഓരോ പരാതികളും മന്ത്രിമാര്‍ സസൂക്ഷ്മം കേട്ടറിഞ്ഞ് ഉടനടി തീര്‍പ്പാക്കുകയും ചെയ്തു.
പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന രണ്ടാംദിന അദാലത്തിന് മന്ത്രിമാരായ കെ രാജു, ജെ മേഴ്സികുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന് എന്നിവരാണ് നേതൃത്വം നല്‍കിയത്.
സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ അവരുടെ കൈകളിലേക്ക് എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനായി ജനങ്ങളിലേക്ക് നേരിട്ടെത്തി അവരുടെ പരാതികള്‍ കേട്ടറിഞ്ഞു പരിഹാരം കണ്ടെത്തുകയാണെന്നും മന്ത്രി കെ രാജു പറഞ്ഞു.
പുനലൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളില്‍ നിന്നുമായി ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്ക് പുറമേ നേരിട്ടും പരാതികള്‍ ലഭിച്ചു. ചടങ്ങില്‍ 20 പേര്‍ക്കുള്ള പട്ടയ വിതരണം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളും മുന്തിയ പരിഗണന ലഭിക്കേണ്ട പരാതികളുമാണ് മന്ത്രിമാര്‍ നേരിട്ട് തീര്‍പ്പാക്കിയത്. വിധവകളുടെ മക്കള്‍ക്ക് വിവാഹ ധനസഹായമായി നല്കുന്ന ഒരു ലക്ഷം രൂപ ഒരു കുടുംബത്തിന് ചടങ്ങില്‍ വച്ച് വിതരണം ചെയ്തു.
പി അയിഷാ പോറ്റി എം എല്‍ എ, ആഭ്യന്തരവകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്, പുനലൂര്‍ ആര് ഡി ഒ ബി ശശികുമാര്‍, തഹസില്‍ദാര്‍മാരായ സുരേഷ്, ജാസ്മിന് ജോര്‍ജ്, നിര്‍മ്മല്‍കുമാര്‍, ബിജുരാജ്, ആശ, പത്മ ചന്ദ്രക്കുറുപ്പ്, ഡെപൂട്ടി തഹസില്‍ദാര്‍ രാജേന്ദ്രന് പിള്ള, ജൂനിയര്‍ സൂപ്രണ്ടുമാരായ അജിത്ത് ജോയി, കെ പി ഗിരിനാഥ് തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്കി.
ചടങ്ങിനോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരുന്നു.
(പി.ആര്.കെ നമ്പര്‍.335/2021)
- Log in to post comments