ജില്ലയ്ക്ക് ഇ എസ് ഐ മൊബൈല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്
മാരകരോഗങ്ങളും അവശതയും മൂലം വീടുകളില്‍ കഴിയുന്ന ഇ എസ് ഐ ഗുണഭോക്താക്കളായ കിടപ്പുരോഗികള്‍ക്ക് ചികിത്സയും പരിചരണവും ഉറപ്പുവരുത്തുന്നതിനായി ജില്ലയ്ക്ക് ഇ എസ് ഐ മൊബൈല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും എത്താന്‍ കഴിയാത്ത ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് മൊബൈല്‍ യൂണിറ്റ് ആശ്വാസമാകും. മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, സോഷ്യല്‍ വര്‍ക്കര്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഡ്രൈവര്‍ എന്നിവരുടെ സേവനം മൊബൈല്‍ യൂണിറ്റിലൂടെ ലഭ്യമാകും.
കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്റെ പങ്കാളിത്തത്തോടെയാണ് മൊബൈല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക. മൊബൈല്‍ യൂണിറ്റിന് വാഹനം വാങ്ങുന്നതിനാവശ്യമായ തുക കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. കേരളപുരം ഇ എസ് ഐ ഡിസ്‌പെന്‍സറിയായിരിക്കും മൊബൈല്‍ യൂണിറ്റിന്റെ നോഡല്‍ ഓഫീസ്. ജില്ലയിലെ മറ്റ് ഇ എസ് ഐ ഡിസ്‌പെന്‍സറികളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെയും നഴ്സുമാരടക്കമുള്ള ജീവനക്കാരുടെയും സേവനവും മൊബൈല്‍ യൂണിറ്റിനായി ഉപയോഗപ്പെടുത്തും. താത്പര്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കശുവണ്ടി മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ വലിയ വിഭാഗം തൊഴിലാളികള്‍ ജില്ലയില്‍ ഇ എസ് ഐ ഗുണഭോക്താക്കളായുണ്ട്.
(പി.ആര്‍.കെ നമ്പര്‍.362/2021)
- Log in to post comments