Skip to main content

ഗൃഹചികിത്സ:  മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം

ഗൃഹചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഇവര്‍ക്ക് തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെങ്കില്‍ യഥാസമയം പ്രോട്ടോകോള്‍ അനുസരിച്ച് റഫര്‍ ചെയ്യണം. കോവിഡ് രോഗബാധ വരാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കായി ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്കുകള്‍, ശക്തിപ്പെടുത്തും.
ആശുപത്രികളില്‍ നേരിട്ട് പോകാതെ ഓണ്‍ലൈന്‍ ചികിത്സയ്ക്കായി ഇ-സഞ്ജീവനിയുടെ ഉപയോഗം കൂടുതല്‍ ശക്തിപ്പെടുത്തും. എന്‍ സി ഡി മരുന്നുകള്‍ പോസിറ്റീവ് കേസുകള്‍ക്കും ക്വാറന്റയിനിലുള്ളവര്‍ക്കും വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള ക്വാറന്റയിന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുക്കുന്നത് ഉറപ്പാക്കും. രോഗം ആവര്‍ത്തിച്ചുവരുന്ന കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ശരിയായി ധരിക്കുകയും കൈകള്‍ ഇടക്കിടെ സാനിറ്റൈസ് ചെയ്യുകയോ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയും ചെയ്യുന്ന ശീലം തുടരണം. ടെസ്റ്റിംഗ് സ്ഥലത്തും ആശുപത്രികളിലും രോഗപ്പകര്‍ച്ച നിയന്ത്രണത്തിന് നടപടിയെടുക്കും. ഒരാളുടെ സാമ്പിളെടുത്തശേഷം അടുത്ത സാമ്പിള്‍ എടുക്കുന്നതിന് മുമ്പ് കൈകള്‍ സാനിറ്റൈസ് ചെയ്തുവെന്ന് എല്ലാ ആരോഗ്യപ്രവര്‍ത്തകരും ഉറപ്പുവരുത്തേണ്ടതാണെന്നും ഡി എം ഒ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.363/2021)

date