കോവിഡ്: ജാഗ്രതയും ഏകോപനവും ശക്തിപ്പെടുത്തും
കോവിഡ് രോഗവ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കാര്യക്ഷമമാക്കി ഏകോപനവും ജാഗ്രതയും ശക്തിപെടുത്തും. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ താഴേതട്ട് മുതല്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കണമെന്നും വ്യാപാരസ്ഥാപനങ്ങളിലുള്‍പ്പടെ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളിലെല്ലാം ജാഗ്രത വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത കെ സോമപ്രസാദ് എം പി പറഞ്ഞു.
തൃതല പഞ്ചായത്ത് പ്രതിനിധികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്ന് ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.
രോഗവ്യാപനം സംബന്ധിച്ച് ജനങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണമെന്ന നിര്‍ദേശമാണ് എം എല്‍ എ മാരായ പി അയിഷാ പോറ്റിയും എം മുകേഷും നല്‍കിയത്.
തഹസില്‍ദാര്‍മാരുടേയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലും നടക്കുന്ന പരിശോധനകള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശിച്ചു. പോസിറ്റീവ് കേസുകളുടെ മാപ്പിംഗ് പ്രവത്തനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്.
സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ പൊലീസ് മേധാവി കെ ബി രവി തുടങ്ങിയവര്‍ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തന പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു.
എ ഡി എം അലക്‌സ് പി തോമസ്, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ യുസഫ്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.404/2021)
- Log in to post comments