മന്ത്രിസഭാ വാര്‍ഷികം : പ്രദര്‍ശന വിപണന മേളയ്ക്ക് ഏഴിന് തുടക്കമാവും
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന പ്രദര്‍ശന, വിപണന മേളയ്ക്ക് മെയ് ഏഴിന് തുടക്കമാവും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് മേള നടത്തുന്നത്. മേളയുടെ ഉദ്ഘാടനം മെയ് ഏഴിന് വൈകീട്ട് മൂന്നിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലയിലെ എം.പി മാര്‍ എം.എല്‍.എ മാര്‍ മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയുടെ സമഗ്ര വിവരം ഉള്‍പ്പെടുത്തി ജില്ലാഭരണകൂടെ തയ്യാറാക്കിയ മൊബൈല്‍ ആപ് മന്ത്രി കെടി ജലീല്‍ പ്രകാശനം ചെയ്യും. മെയ് 13 വരെയാണ് മേള നടക്കുക. സമാപന സമ്മേളനം മെയ് 13ന് വൈകീട്ട് നാലിന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വിവിധ വകുപ്പുകളുടെ 90 സ്റ്റാളുകളാണ് മേളയിലുണ്ടാവുക. 40 സ്റ്റാളുകള്‍ വിവിധ കുടുംബശ്രീ യൂനിറ്റുകളുടേതാണ്. കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സ്റ്റാളിലുണ്ടാവും. മേളക്കെത്തുന്നവര്‍ക്കായി അക്ഷയ സൗജന്യ വൈ ഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് എടുക്കാനും സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളും അക്ഷയ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണവും മേളയിലുണ്ടാവും. ആനുകൂല്യങ്ങളെ സംബന്ധിച്ചും പദ്ധതികളെ കുറിച്ചും ജനങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. മേളയില്‍ എത്തുന്നവര്‍ക്കായി ബി.എസ്.എന്‍.എല്‍ സൗജന്യ സിം വിതരണം ചെയ്യും. ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളും ബിഎസ്എന്‍എല്‍ നല്‍കും. കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യമേള പ്രധാന ആകര്‍ഷണമാവും. ജില്ലയുടെ തനത് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി 'ഉമ്മാന്റെ വടക്കിനി' യാണ് കുടുംബശ്രീ ഒരുക്കുന്നത്. കടല്‍ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങളുമായാണ് ഫിഷറീസിന്റെ സീ ഫുഡ് സ്റ്റാളുള്ളത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മൂല്യ വര്‍ധിത വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും ഭക്ഷ്യമേളയിലുണ്ടാവും. ഇതോടൊപ്പം ചക്ക മഹോത്സവവും നടത്തുന്നുണ്ട്.
നവകേരളം പദ്ധതിയുടെ കീഴിലെ വികസന മിഷന്‍ പദ്ധതികളായ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ മേളയിലെത്തുന്നവര്‍ക്ക് പരിചയപ്പെടുത്തുന്ന സ്റ്റാളുകളുണ്ടാവും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനും പദ്ധതിയുണ്ട്. ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സ്റ്റാളുകളും മേളയിലുണ്ടാവും. നവ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും വ്യവസായ ആനുകൂല്യങ്ങളെ കുറിച്ചും പ്രത്യേക ബോധവത്കരണവും നല്‍കും.
മേളയുടെ ഭാഗമായി എല്ലാ ദിവസവും സെമിനാറുകളും സാംസ്‌കാരിക പരിപാടികളും നടക്കും. ഉദ്ഘാടന ദിവസമായ ഏഴിന് കണ്ണൂര്‍ ഷരീഫും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ ബാന്‍ഡ് അരങ്ങേറും. രണ്ടാം ദിവസമായ എട്ടിന് ഹരിതകേരളം സെമിനാര്‍ നടക്കും. സന്തോഷ് ട്രോഫിയില്‍ വിജയിച്ച കേരള ടീമില്‍ അംഗങ്ങളായ മലപ്പുറം ജില്ലയ്ക്കാരെ അന്നേ ദിവസം ആദരിക്കും. തുടര്‍ന്ന് കനല്‍ തിരുവാലിയുടെ നാടന്‍ പാട്ടും അരങ്ങേറും. മെയ് ഒമ്പതിന് നടക്കുന്ന പരിപാടിയില്‍ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടികെ ഹംസ മുഖ്യാതിഥിയാവും. അക്കാദമി അവതരിപ്പിക്കുന്ന 'ഇശല്‍ ഇമ്പം' പരിപാടിയും അന്ന് നടക്കും. മെയ് പത്തിന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയാവും. വി.പി . മന്‍സിയയുടെ നൃത്തവും മലപ്പുറം ലിറ്റില്‍ തിയറ്റര്‍ അവതരിപ്പിക്കുന്ന 'ചില്ലറ സമരം' നാടകവും നടക്കും. 11 ന് കുടുംബശ്രീയുടെ കലാപരിപാടികള്‍ അരങ്ങേറും. നാടക നടി നിലമ്പൂര്‍ ആയിശ മുഖ്യാതിഥിയാവും. ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണവുമായി എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ 'വില്ലു വണ്ടിയും കല്ലു മാലയും' നാടകം 12ന് നടക്കും. സമാപന ദിവസമായ മെയ് 13ന് കാക്കഞ്ചേരി ചൂട്ട് കലാ സാംസ്‌കാരിക വേദിയുടെ നാടന്‍ കലാ അവതരണമുണ്ടാവും. പരമ്പരാഗത കലകളുടെ അവതരണമാണ് അന്ന് നടക്കുക.
- Log in to post comments