സര്‍ക്കാര്‍ ഓഫീസുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കണം - ഗ്രാമവികസന കമ്മീഷണര്‍
ഓഫീസുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ഗ്രാമവികസന കമ്മീഷണര്‍ വി ആര്‍ വിനോദ് പറഞ്ഞു. കൊട്ടാരക്കര കില ഇ റ്റി സി യില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. പൊതുജനങ്ങളെ നൂലാമാലകള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കരുത്. സുതാര്യവും അഴിമതിരഹിതവുമായി ജോലി ചെയ്യുന്ന ഉദ്യോസ്ഥര്‍ക്ക് ആശങ്കകളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന വി ഇ ഒ മാരുമായി പരിശീലനാര്‍ത്ഥികളുടെ സംവാദവും നടത്തി. കൊട്ടാരക്കര കില ഇ റ്റി സി യുടെ ദേശീയ ശ്രദ്ധ നേടിയ 'ഗോത്രായനം' - പട്ടിക ഗോത്രവര്‍ഗ സങ്കേത പഠന പരിശീലന പരിപാടി ചടങ്ങില്‍ വിശദീകരിച്ചു. കില ഇ റ്റി സി പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍ ആമുഖപ്രസംഗം നടത്തി. കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ വി പി റഷീദ്, ബി ഷബിന, വി ഇ ഒ മാരായ ടി സി ബൈജു, റോബിന്‍ സാമുവല്‍, ജി പ്രദീപ്, നുജൂമാബീവി, ജെ ഭൈരവി, ആര്‍ ഗോകുല്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍.342/2021)
- Log in to post comments