Skip to main content

ജില്ലയില്‍ ആര്‍ ടി  പി സി ആര്‍  ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണം

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും  ലാബുകളിലും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് വര്‍ധിപ്പിക്കണമെന്ന് കോവിഡ്  സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ ചിത്ര നിര്‍ദേശിച്ചു. ജില്ലയില്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രികള്‍,  ലാബുകള്‍ എന്നിവരുടെ പ്രതിനിധികളുമായി  കോവിഡ്  സ്‌പെഷ്യല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് നിര്‍ദേശം. യോഗത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും സ്വകാര്യ ലാബുകളിലെയും ടെസ്റ്റ് ശേഷി ആരാഞ്ഞു. ജില്ലയില്‍ 75 ശതമാനം ആര്‍ ടി പി സി ആറും,  25 ശതമാനം  ആന്റിജന്‍ അല്ലെങ്കില്‍ മറ്റ് ടെസ്റ്റുകളും  മതിയാകുമെന്ന് യോഗം വിലയിരുത്തി. ആര്‍ ടി പി സി ആര്‍ ടെസ്റ്റിംഗ് സൗകര്യം ഇല്ലാത്തവര്‍ കൂടുതല്‍ ടെസ്റ്റ് നടത്താന്‍ സൗകര്യമുള്ള മാനേജ്‌മെന്റുകളുമായി ചര്‍ച്ചചെയ്തു ഉറപ്പാക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും  നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ആര്‍ ടി പി സി ആര്‍ സൗകര്യം മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണെന്നും കോവിഡ്  സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.
കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പോസിറ്റീവ് ആകുന്നവരുടെയും നെഗറ്റീവ് ആകുന്നവരുടെയും വിവരങ്ങള്‍ കൃത്യമായിരിക്കണമെന്നും നിര്‍ദേശം നല്‍കി. ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തുക മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നും ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആര്‍ ടി പി സി ആര്‍ ടെസ്റ്റിനുള്ള തുക സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ലെന്ന് സ്വകാര്യ ആശുപത്രികള്‍ ശ്രദ്ധയില്‍പ്പെടുത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ആര്‍ സന്ധ്യ, ഡോ മണികണ്ഠന്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.353/2021)

 

date