Skip to main content

പട്ടികവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രവര്‍ത്തിക്കും: മുഖ്യമന്ത്രി *പട്ടികജാതി-പട്ടികവര്‍ഗ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയവിനിമയം നടത്തി

    പട്ടികവിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കുമെന്നും ഇവരുടെ സമഗ്ര ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ സംഘടനകളുടെ നേതാക്കളുമായി തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. പട്ടികവിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ സംഘടനാപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കിയത് അഭിനന്ദനീയമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഒരുവര്‍ഷം തികയുന്നതിനുമുമ്പ് വീണ്ടും യോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിയുടെ നടപടിയെ അവര്‍ സ്വാഗതം ചെയ്തു.
    പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സംസ്ഥാനത്തിനു പുറത്തു നിന്നുപോലും അഭിനന്ദനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ശാന്തി നിയമനം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരെടുത്ത ധീരമായ നിലപാടുകള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പോലും ചര്‍ച്ചാ വിഷയമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
    പട്ടികജാതി വിഭാഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം വീടില്ലാത്തതാണ്. വീടില്ലാത്ത ധാരാളം പട്ടികജാതി കുടുംബങ്ങളും സംസ്ഥാനത്തുണ്ട്. വീടു നിര്‍മിക്കാന്‍ നാലു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മുന്‍കാലങ്ങളില്‍ വീട് നിര്‍മിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടും പല കാരണങ്ങളാല്‍ മുടങ്ങിയ 1776 വീടുകളുടെ നിര്‍മാണം ലൈഫ് പദ്ധതിയില്‍ പെടുത്തി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.  പുതിയതായി 26210 വീടുകളാണ് നിര്‍മിക്കേണ്ടി വരിക. ലക്ഷംവീട് കോളനികളില്‍ നിലവിലുള്ള ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കി നവീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് വിദ്യാഭ്യാസപരമായി നല്ല ഉയര്‍ച്ച ഉണ്ടാക്കുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമാണ്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വീടിനോട് ചേര്‍ന്ന് ഏഴായിരത്തോളം പഠനമുറികള്‍ നിര്‍മിച്ചു നല്‍കും. ഇതില്‍ 6615 എണ്ണത്തിന് അനുമതിയായി.
    പട്ടികവിഭാഗക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. അര്‍ഹരായവര്‍ക്കെല്ലാ ചികിത്സാ ധന സഹായവും നല്‍കി വരുന്നു. ഈ വിഭാഗത്തിലെ കായിക താരങ്ങള്‍ക്കു പ്രോത്സാഹനവും സംരക്ഷണവും നല്‍കും. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തനത്  പൈതൃകങ്ങളും പാരമ്പര്യ കലകളും സംരക്ഷിക്കാനും നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    ഉച്ചയ്ക്കു ശേഷം പട്ടികവര്‍ഗ സംഘടനാ നേതാക്കളുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ആദിവാസിമേഖലയ്ക്ക് അനുവദിക്കുന്ന ഫണ്ടില്‍ വളരെ കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം നൂറുകോടി പ്രതീക്ഷിച്ചെങ്കിലും 20 കോടിയാണ് ലഭിച്ചത്. എങ്കിലും സംസ്ഥാനത്ത് പദ്ധതിവിഹിതം  അനുവദിക്കുന്നത് ജനസംഖ്യാനുപാതികമായല്ല. 750 കോടി ഉണ്ടായിരുന്നത് 826 കോടിയായി വര്‍ധിക്കുന്ന നില വന്നിട്ടുണ്ട്.
    പ്രാക്തനഗോത്ര വിഭാഗങ്ങളെ പ്രത്യേക ശ്രദ്ധയോടെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടക്കുന്നു. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തിന് സ്‌കൂളുകളില്‍ ബോധന മാധ്യമമായി ഗോത്രഭാഷ തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയും ഗോത്രബന്ധു പദ്ധതി നടപ്പിലാക്കുകയും ചെയ്തുവരുന്നു. 241 ഗോത്ര വര്‍ഗ യുവതീയുവാക്കളെ ഇത്തരം കൂട്ടികളെ പഠിപ്പിക്കാന്‍ മെന്‍ഡര്‍ അധ്യാപകരായി നിയമിച്ചിട്ടുണ്ട്.
    ദൂരെയുള്ള ഊരില്‍ നിന്ന് കുട്ടികളെ സ്‌കൂളിലേക്കും തിരിച്ചുമെത്തിക്കാന്‍ ഗോത്രസാരഥി പദ്ധതി നടപ്പാക്കി. കുട്ടികള്‍ക്ക് പഠിക്കാന്‍ സങ്കേതങ്ങളില്‍ 500 സാമൂഹ്യപഠന മുറികള്‍ നിര്‍മിക്കും. അതില്‍ 100 എണ്ണം ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. പെണ്‍കുട്ടികളുടെ ക്ഷേമത്തിന് ഗോത്രവാത്സല്യനിധി  ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി. 18 വയസ്സു തികയുമ്പോള്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന ഈ പദ്ധതിയുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. നിര്‍മാണ മേഖലയില്‍ തൊഴില്‍ ലഭിക്കാന്‍ ഗോത്ര ജീവിക പദ്ധതി നടപ്പാക്കി.  പോലീസിലും എക്‌സൈസിലും 100 ആദിവാസി യുവാക്കള്‍ക്ക് നേരിട്ട് നിയമനം നല്‍കി. 22000 വീടുകള്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കി. എല്ലാവര്‍ക്കും വീട് നിര്‍മിച്ചു നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 1078 പേര്‍ക്ക് 1168 ഏക്കര്‍ ഭൂമി ഇതിനകം നല്‍കാന്‍ കഴിഞ്ഞെന്നും  3000 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കാന്‍ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
    ആദിവാസി മേഖലയ്ക്ക് കൂടുതല്‍ പ്രയോജനകരമാകും വിധം സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കി. അംബേദ്കര്‍ ഊര് വികസന പദ്ധതി പ്രകാരം 101 ഊരുകളില്‍ സമഗ്ര വികസനമെത്തിക്കും. ഒരുകോളനിയില്‍ ഒരുകോടി രൂപ ചെലവിട്ടുള്ള വികസന പദ്ധതിയാണ് നടക്കുക.
    പോഷകാഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 189 ഊരുകളില്‍ 193 കമ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നു. ആദിവാസി മേഖലകളിലെ ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി 20 കോടി രൂപ നല്‍കി. ആദിവാസികളുടെ ഭക്ഷ്യ ധാന്യങ്ങള്‍ വിളയിക്കുന്നതിന് മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പാക്കുകയും ഊരുകളില്‍ റേഷന്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
    സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ സംഘടനാ നേതാക്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടുതല്‍ മെച്ചപ്പെട്ട തുടര്‍ പ്രവര്‍ത്തനത്തിന് പ്രചോദകമായിരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. നേതാക്കളുടെ നിര്‍ദേശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
    രാവിലെയും ഉച്ചയ്ക്കുശേഷവും യോഗങ്ങളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എല്‍.എ മാരായ ബി. സത്യന്‍, എസ്.രാജേന്ദ്രന്‍, പുരഷന്‍ കടലുണ്ടി, റോഷി അഗസ്റ്റിന്‍, സോമപ്രസാദ് എം.പി., മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, വിവിധ പട്ടികജാതി, പട്ടികവര്‍ഗ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1709/18
 

date