മന്ത്രിസഭാ വാര്‍ഷികാഘോഷം ജനകീയ ഉല്‍സവമാകും: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം ജനകീയ ഉല്‍സവമായി മാറുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. മെയ് 18ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിന്റെയും 16 മുതല്‍ 23 വരെ നടക്കുന്ന മെഗാ എക്‌സിബിഷന്റെയും ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ല കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ പരിപാടിയായി ഇത് മാറണം. അതിനായി ജനകീയ പ്രസ്ഥാനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, ലൈബ്രറി-സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തുടങ്ങിയവ സര്‍വാത്മനാ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതോടൊപ്പം സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുകയും വിവിധ സേവനങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുംവിധമാണ് എട്ടുദിവസം നീണ്ടു നില്‍ക്കുന്ന മെഗാ എക്‌സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ പ്രയോജനം കൂടുതല്‍ ആളുകളിലെത്തിക്കാന്‍ പഞ്ചായത്ത് തലത്തില്‍ തദ്ദേശ-സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നല്ല പ്രചാരണം നല്‍കണമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ പി.കെ ശ്രീമതി ടീച്ചര്‍ എം.പി അധ്യക്ഷത വഹിച്ചു. 18ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനെത്തുന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സംസ്ഥാന മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും വരവേല്‍ക്കാന്‍ നഗരം അണിഞ്ഞൊരുങ്ങണമെന്ന് എം.പി പറഞ്ഞു. നഗരത്തില്‍ മാത്രമല്ല, ഗ്രാമങ്ങളിലും പരിപാടിയുടെ സന്ദേശമെത്തിക്കണമെന്നും അവര്‍ പറഞ്ഞു.
രണ്ടാം വാര്‍ഷികാഘോഷം വന്‍വിജയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും നഗരത്തിലെ കടകള്‍ ദീപാലംകൃതമാക്കുന്നതിനും പരിപാടികള്‍ക്കായെത്തുന്നവര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിനും കോര്‍പറേഷന്‍ നേതൃത്വം നല്‍കുമെന്ന് മേയര്‍ ഇ.പി ലത അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.വി സുമേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ സുരേഷ് ബാബു, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വെള്ളോറ രാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, ഡി.എം.ഒ ഡോ. കെ നാരായണ നായിക്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ് , ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു എന്നിവര്‍ വിവിധ സബ്കമ്മിറ്റികള്‍ ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
മെഗാ എക്‌സിബിഷന്‍ നടക്കുന്ന മെയ് 16 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രഗല്‍ഭ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സംഗീതവിരുന്ന്, നൃത്ത നൃത്യങ്ങള്‍, നാടകങ്ങള്‍ തുടങ്ങി വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. 17ന് മെഗാ ജോബ്‌ഫെസ്റ്റ്, വിവിധ സെമിനാറുകള്‍ എന്നിവയും നടക്കും.
സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുംവിധം വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെഡിക്കല്‍ എക്‌സിബിഷന്‍, അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളുടെ ബോധവല്‍ക്കരണവും പ്രാഥമിക ആരോഗ്യ പരിശോധനയും, ദന്തപരിശോധന, കാര്‍ഷിക പ്രദര്‍ശനം, കുടുംബശ്രീ, കൈത്തറി വിപണന മേള, മാലിന്യ സംസ്‌കരണ മാതൃകകളുടെ പ്രദര്‍ശനം, പുരാവസ്തു-പുരാരേഖ പ്രദര്‍ശനം, സൗജന്യ ആധാര്‍ രജിസ്‌ട്രേഷന്‍, വ്യവസായ അദാലത്ത്, സ്‌കൂള്‍ ബസാര്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവ എക്‌സിബിഷനിലുണ്ടാവും. യോഗത്തില്‍ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments