Skip to main content

പദ്ധതികള്‍ക്ക് സമയപ്പട്ടിക തയാറാക്കാന്‍  ജില്ലാ പഞ്ചായത്ത് നിര്‍ദേശം

ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി ഓരോ പദ്ധതിക്കും സമയപ്പട്ടിക തയറാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് കെ.വി. സുമേഷ് നിര്‍ദേശം നല്‍കി. മെയ് 22നെങ്കിലും ഓരോ പദ്ധതിയുടെയും സമയപ്പട്ടിക തയാറാക്കണം. മെയ് 25ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഇതിന് അന്തിമരൂപം നല്‍കും. അടുത്ത വര്‍ഷം ജനുവരി 31നപ്പുറം ഒരു പദ്ധതി പ്രവൃത്തിയും നീളരുത്. സമയപ്പട്ടിക അച്ചടിച്ച് നല്‍കുന്നതിലൂടെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പദ്ധതി നിര്‍വഹണം സംബന്ധിച്ച കൃത്യമായ ധാരണയുണ്ടാവും. ടെന്‍ഡര്‍ ചെയ്യാത്തതോ നടപ്പിലാക്കാന്‍ കഴിയാത്തതോ ആയ പ്രവൃത്തികള്‍ ഒഴിവാക്കി പുതിയവ കൊണ്ടുവരണം. പൊതുമരാമത്ത് വിഭാഗത്തിന്റെ ഓഫീസിലും സമീപനത്തിലും മാറ്റം ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കരാറുകാര്‍ ബില്ലുമായി ഓഫീസുകള്‍ കയറിയിറങ്ങുന്നതിലൂടെ അപമാനിതരാവുന്ന സാഹചര്യം ഒഴിവാക്കണം. പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങള്‍ പദ്ധതികളിലും ഉദ്ഘാടനത്തിലും കാണിക്കരുത്. രാഷ്ട്രീയ വിവേചനം ജില്ലാ പഞ്ചായത്തിനില്ല. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചേ മുന്നോട്ടുപോവൂ-പ്രസിഡന്റ് പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിപുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗശൂന്യമായ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് അനുമതി നല്‍കുന്നതിനായി ജില്ലാതലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ല്യു.ഡി ബില്‍ഡിംഗ് ഡിവിഷന്‍ എന്‍ജിനീയര്‍, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം ഈ കമ്മിറ്റിക്കായിരിക്കും.
വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട, പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള റോഡ് പ്രവൃത്തികളുടെ എല്ലാ ബില്ലുകളും മെയ് 15നകം തയാറാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയറെ യോഗം ചുമതലപ്പെടുത്തി. പ്രവൃത്തി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കുന്നത് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെ മാത്രമേ പാടുള്ളൂ എന്ന പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി നിര്‍ദേശം യോഗം അംഗീകരിച്ചു. സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ച നാഷനല്‍ സയന്‍സ് ഫെസ്റ്റ് 2018 നവംബര്‍ അഞ്ചു മുതല്‍ 18 വരെ നടത്താന്‍ തീരുമാനിച്ചു. 
പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ വി.കെ.സുരേഷ് ബാബു, കെ.പി. ജയബാലന്‍, കെ. ശോഭ, ടി.ടി. റംല, അംഗങ്ങളായ കെ. നാണു, തോമസ് വര്‍ഗീസ്, സണ്ണി മേച്ചേരി, അന്‍സാരി തില്ലങ്കേരി, പി.പി. ഷാജിര്‍, സെക്രട്ടറി വി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date