Skip to main content

മെഗാ ജോബ് ഫെസ്റ്റ്: അപേക്ഷകര്‍ 3000 കവിഞ്ഞു;  രജിസ്‌ട്രേഷന്‍ 14 വരെ മാത്രം    

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17ന് കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന മെഗാ ജോബ് ഫെസ്റ്റില്‍ അപേക്ഷകര്‍ 3,000 കവിഞ്ഞു. 14 വരെ അപേക്ഷിക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.വി രാജീവന്‍ അറിയിച്ചു. പ്രമുഖ കമ്പനികളുള്‍പ്പെടെ അമ്പതിലേറെ തൊഴില്‍ ദാതാക്കള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. കണ്ണൂരിനു പുറമെ, കാസര്‍ക്കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. 17ന് രാവിലെ 10ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
    സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് നടത്തുന്ന മേളയില്‍ ബാങ്കിംഗ്, മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി, ബിസിനസ്, ഐ ടി, ടെക്‌നിക്കല്‍, ഹെല്‍ത്ത് കെയര്‍, സെയില്‍സ് & മാര്‍ക്കറ്റിങ്ങ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികളാണ് പങ്കെടുക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉദ്യോഗദായകര്‍ക്കും മേളയിലേക്ക് www.jobfest.kerala.gov.in വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എസ്.എസ്.എല്‍.സി മുതല്‍ പ്രഫഷനല്‍ ബിരുദങ്ങള്‍ വരെയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചുള്ള ജോലികള്‍ തെരഞ്ഞെടുക്കാന്‍ മേളയില്‍ അവസരമുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യുന്ന ഒരു ഉദ്യോഗാര്‍ഥിക്ക് ഏതെങ്കിലും മൂന്ന് സ്ഥാപനങ്ങളുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. 
    മേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 9446778412, 9747609636, 0497 2700831, 0497 2707610 എന്നീ നമ്പറുകളില്‍ ലഭിക്കും.

 

date