Skip to main content

പ്രവര്‍ത്തനമികവില്‍ തൊഴില്‍ വകുപ്പ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താങ്ങായി ആവാസ്

കൊച്ചി: സര്‍ക്കാരിന്റെ രണ്ടാം ഭരണ വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് ജില്ലാ ലേബര്‍ ഓഫീസ്. ആവാസ് പദ്ധതിയിലൂടെ സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരായ മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സും ആരോഗ്യ പരിരക്ഷയും ഉറപ്പ് വരുത്തുന്നു. പദ്ധതിയില്‍ എന്റോള്‍ ചെയ്യപ്പെടുന്നതിലൂടെ സംസ്ഥാനത്തുള്ള കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണവും മറ്റ് വിവരങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ ഡാറ്റാ ബാങ്ക് തയ്യാറാക്കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തും. 18 നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അംഗങ്ങള്‍ക്ക് 15,000/ രൂപയുടെ സൗജന്യ ചികിത്സയും 200,000 രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. ജില്ലയില്‍ 33,000 പേരുടെ ഡാറ്റാ എന്‍ട്രി നടത്തുകയും കാര്‍ഡുകള്‍ വിതരണം നടത്തുകയും ചെയ്തു. തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി പെരുമ്പാവൂരില്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 

കേരളത്തിലെ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളെയും ഫാക്ടറികളെയും വ്യത്യസ്ത തലത്തിലുള്ള പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് ഏര്‍പ്പെടുത്തുന്നതിന് പുതിയ തൊഴില്‍ നയം തീരുമാനിച്ചിരുന്നു. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് നല്‍കി മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിലൂടെ സ്ഥാപനങ്ങളുടെ മത്സര ക്ഷമതയും വാണിജ്യപരമായ വിശ്വാസ്യതയും വര്‍ദ്ധിക്കും. ജില്ലയില്‍ 228 സ്ഥാപനങ്ങളില്‍ നിന്നാണ് ഗ്രേഡിംഗിനായി അപേക്ഷ ലഭിച്ചിട്ടുള്ളത്. 

കേരള മരം കയറ്റ തൊഴിലാളി പെന്‍ഷന്‍ പദ്ധതി പ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 6,07,740 രൂപയും 2017-18 വര്‍ഷത്തില്‍ 7,38,800 രൂപയും 62 പേര്‍ക്ക് വിതരണം ചെയ്തു. ക്ഷേമപദ്ധതി ധനസഹായമായി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 10 പേര്‍ക്ക് 7,40,000 രൂപയും 2017-18  ല്‍ 12 പേര്‍ക്ക് 7,00,000 രൂപയും വിതരണം ചെയ്തു.  

അസംഘടിത ദിവസ വേതന തൊഴിലാളി ധനസഹായമായി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ വീതം 14,000 രൂപ വിതരണം ചെയ്തു. 

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലായി നാല്‍പത്തിനാല് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ബോധവത്ക്കരണ പരിപാടികളും നടത്തി. 8000 ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് ക്യാമ്പുകളില്‍ പങ്കെടുത്തത്. 

2016-17 കാലയളവില്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ബാലവേലവിരുദ്ധ പോസ്റ്റര്‍ രചനാ മല്‍സരവും സ്‌കൂളുകളില്‍ ബാലവേല വിരുദ്ധ പ്രതിജ്ഞയും നടത്തി. 2017-18 ല്‍ കെല്‍സയുമായി ചേര്‍ന്ന് ബാലവേല വിരുദ്ധ സെമിനാര്‍ നടത്തി .ബാലവേല സംബന്ധിച്ച ടെലഫോണ്‍ സന്ദേശമോ പരാതിയോ ലഭിച്ചാല്‍ അന്വേഷണം നടത്തി  ബാലവേല ചെയ്യിപ്പിച്ചിരുന്ന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 

ഓണത്തോടനുബന്ധിച്ച് അടച്ചു പൂട്ടിയ 2495 സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കില്‍ 49,90,000 രൂപ എക്‌സ് ഗ്രേഷ്യ വിതരണം ചെയ്തു. 

ബില്‍ഡിംഗ് സെസ്സ് ഇനത്തില്‍ 7,66,48,000 രൂപയും 8,93,34000 രൂപയും കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി സമാഹരിച്ചിട്ടുണ്ട്. 

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ആഭിമുഖ്യത്തില്‍ ദാരിദ്യ രേഖയ്ക്കു താഴെയുള്ള വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ആര്‍.എസ്.ബി.വൈ ചിയാകിന്റെ കീഴില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി 25,702 പേര്‍ക്ക് 8,54,61,826 രൂപയും സ്വകാര്യ ആശുപത്രികള്‍ വഴി 11711 പേര്‍ക്ക് 5,13,46,155 രൂപയും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി 26674 പേര്‍ക്ക് 7,60,05,650 രൂപയും സ്വകാര്യ ആശുപത്രികള്‍ വഴി 8808 പേര്‍ക്ക് 4, 17,02,598 രൂപയും നല്‍കി. 

പഞ്ചായത്തുകളുമായി സഹകരിച്ച് ഗ്രാമീണ മേഖലയിലെ ഭൂരഹിതര്‍ക്കും അഞ്ചു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ എല്‍.ഐ.സി മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതിയാണ് ആം ആദ്മി ബീമാ യോജന. 

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി യഥാക്രമം 3341 ഉം 3457 ഉം ഇന്‍സ്‌പെക്ഷനുകള്‍ നടത്തി. ഇവയില്‍ യഥാക്രമം 360 ഉം 831 ഉം പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്യുകയും ചെയ്തു. രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി ആകെ 205 ഉടമകളില്‍ നിന്നും തൊഴിലാളികള്‍ക്ക് ശമ്പളം വാങ്ങി നല്‍കുകയും ചെയ്തു. 

അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്തിരുന്ന സ്വാഭാവിക മരണം സംഭവിച്ച അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതശരീരം ജില്ലാ കളക്ടറുടെയും തൊഴിലുടമകളുടെയും സഹകരണത്തോടെ അവരവരുടെ നാടുകളില്‍ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു.

date