ആദ്യ സ്ത്രീ സൗഹൃദ പഞ്ചായത്ത് പദ്ധതിക്ക് തിരുവാണിയൂരില്‍ തുടക്കം
കൊച്ചി: ജില്ലയിലെ ആദ്യ സ്ത്രീ സൗഹൃദ പഞ്ചായത്ത് പദ്ധതിക്ക് തിരുവാണിയൂരില്‍ തുടക്കം കുറിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് സ്ത്രീ വിരുദ്ധത നിലനില്‍ക്കുന്ന ഇടങ്ങളെ കുറിച്ച് പഠിക്കുകയും ഹ്രസ്വ, ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.
പദ്ധതിയോടനുബന്ധിച്ച് ലിംഗ തുല്യത നയരേഖ പ്രഖ്യാപനം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യഭ്യാസ മുന്നേറ്റത്തിന്റെ കാലഘട്ടത്തിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് എം.സി. ജോസഫൈന്‍ പറഞ്ഞു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് നടപടി എടുക്കണം. അസംബ്ലി, പാര്‍ലമെന്റ് എന്നിവിടങ്ങളിലെല്ലാം സ്ത്രീകള്‍ വിരളമാണ്. സാമൂഹിക രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നേതൃനിരയിലേക്ക് എത്തിപ്പെടുന്നില്ല. കുടുബം, സമൂഹം, രാഷ്ട്രം എന്നിവയെല്ലാം സാംസ്‌കാരികമായി ഉന്നതിയിലാണെന്ന് ഇന്നത്തെ സമൂഹത്തില്‍ പറയാന്‍ കഴിയില്ല. കൂട്ടബലാല്‍സംഗങ്ങള്‍, ഒറ്റപ്പെട്ട ബലാല്‍സംഗങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയെല്ലാം നിരന്തരം നടക്കുന്നു.
മതം, ജാതി, സമുദായം എന്നിവയെല്ലാം സ്ത്രീകളില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവയാണ്. സ്ത്രീ ശരീരത്തെ പിച്ചി ചീന്തിയ ശേഷം തെളിവുകള്‍ ഇല്ലാതാക്കാന്‍ അവരെ ചുട്ടു കൊല്ലുന്ന അവസ്ഥയാണ് ഇന്ന് കാണുന്നതെന്നും അവര്‍ പറഞ്ഞു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കിലെത്തിയ ശിഖ സുരേന്ദ്രനെ അനുമോദിച്ചു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അജിത മണി, പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പൗലോസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. അയ്യപ്പന്‍കുട്ടി, തിരുവാണിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി പ്രിന്‍സ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ റെജി ഇല്ലിക്കപ്പറമ്പില്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഐ.വി ഷാജി, അസിസ്റ്റന്റ് സെകട്ടറി റാഫേല്‍ വി.എസ്, പഞ്ചായത്ത് സെക്രട്ടറി വത്സമ്മ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments