Skip to main content

വ്യാജമുദ്രപ്പത്രങ്ങള്‍ക്ക് പൂട്ടിട്ട് രജിസ്‌ട്രേഷന്‍ വകുപ്പ്

കൊച്ചി: നോണ്‍ ജുഡീഷ്യല്‍ മുദ്രവില ഒടുക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വ്യാജമുദ്ര പത്രങ്ങള്‍ക്ക് പൂട്ടിട്ടിരിക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും പുരാതന വകുപ്പായ രജിസ്‌ട്രേഷന്‍ വകുപ്പ്. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ നോണ്‍ ജുഡീഷ്യല്‍ മുദ്രവില ഒടുക്കുന്നതിന് കമ്പ്യൂട്ടര്‍ അധിഷ്ഠിത മാര്‍ഗം എന്ന നിലയില്‍  ഇസ്റ്റാമ്പിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. 

സംസ്ഥാനത്ത് കരണങ്ങള്‍ക്ക് ആവശ്യമായ മുദ്രവില നിര്‍ണയിക്കുന്നതും മുദ്രവിലകള്‍ കരണങ്ങളില്‍ എപ്രകാരം കാണിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നത് 1959 ലെ കേരള മുദ്രപ്പത്ര നിയമത്തിന്റേയും അതിന് കീഴില്‍ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളുടേയും വ്യവസ്ഥകള്‍ പാലിച്ച് കൊണ്ടാണ്. നിലവില്‍ മുദ്രവില ചുമത്തേണ്ടുന്ന കരണങ്ങളില്‍ അച്ചടിച്ച മുദ്ര, ഒട്ടുമുദ്ര എന്നിങ്ങനെ രണ്ടു തരത്തിലാണ് മുദ്ര വില ചുമത്തി വരുന്നത്. കേരള മുദ്രപ്പത്ര നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ശേഷമാണ് പുതിയ രീതിക്ക് വകുപ്പ് തുടക്കമിട്ടത്. 

ഇ സ്റ്റാമ്പിംഗ് സംവിധാനത്തിലൂടെ മുദ്രപ്പത്രങ്ങള്‍ വ്യാജമായി പ്രിന്റ് ചെയ്ത് ഉപയോഗിക്കുന്നത് തടയാനും കരിഞ്ചന്തയിലൂടെയുള്ള  വില്‍പ്പന തടയുവാനും സാധിച്ചു. മുദ്രപ്പത്രത്തിന്റെ ആധികാരികത പരിശോധിച്ച് സുതാര്യവും സുഗമവുമായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. ആവശ്യത്തിന് മുദ്രപ്പത്രം ലഭിക്കാതെ വരുന്ന സാഹചര്യത്തിനും നിന്നും മാറ്റം വന്നു.

ഇ സ്റ്റാമ്പിംഗ് സംവിധാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ തൃക്കാക്കര, എറണാകുളം, ഇടപ്പിളളി എന്നീ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തിലും 2017 ജൂണ്‍ ആറു മുതല്‍ പൂര്‍ണമായും നടപ്പാക്കി. ഇ സ്റ്റാമ്പിംഗ് സംവിധാന പ്രകാരം മുദ്രവില ഒടുക്കുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് മുഖേന പേള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ആധാര വിവരങ്ങള്‍ നല്‍കി ഓണ്‍ലൈനായി മുദ്രവില ഒടുക്കാം. ഇപ്രകാരം മുദ്രവില ഒടുക്കിയത് സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഒരു ഇ സ്റ്റാമ്പ് കക്ഷിക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഇ സ്റ്റാമ്പിന്റെ ആധികാരികത വകുപ്പിന്റെ പോര്‍ട്ടല്‍ വഴി എപ്പോഴും പരിശോധിക്കാം. 

2015 ഡിസംബര്‍ മുതല്‍ എറണാകുളം ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളും മുഴുവനായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറി. പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കുവാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇ പെയ്‌മെന്റിലൂടെ നികുതി അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ആധാരങ്ങള്‍ വകുപ്പിന്റെ പേള്‍ സോഫ്റ്റ് വെയറില്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതിനാല്‍ ആധാരത്തിന്റെ തുടര്‍ നടപടിയായ പോക്കുവരവും ടിആര്‍ആര്‍ അപേക്ഷയും റവന്യൂ വകുപ്പിലേക്ക് അയച്ചു കൊടുക്കുന്നു.  ഇതിലൂടെ നിരവധി തവണ ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥ ഇല്ലാതാകുന്നു. ആധാരം സ്വയം തയ്യാറാക്കി സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയതിലൂടെ ജനങ്ങള്‍ക്ക് ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് ഒഴിവാകാനും  സാധിക്കും. രജിസ്‌ട്രേഷന്‍  വെബ്‌സൈറ്റില്‍ നിന്നും മാതൃകാ ആധാരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുത്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാരം സ്വയം തയ്യാറാക്കാം.  

2005 മുതല്‍ വകുപ്പില്‍ നടപ്പാക്കി വരുന്ന കമ്പ്യൂട്ടര്‍വത്ക്കരണ നടപടികള്‍ പുരോഗമിക്കുകയാണ്. ആധാരപ്പകര്‍പ്പ് ഡിജിറ്റല്‍ ഇമേജ് പ്രിന്റിംഗിലൂടെ തയ്യാറാക്കി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പഴയ വാല്യങ്ങളുടെ ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പേപ്പര്‍ രഹിത ഓഫീസുകളിലൂടെ നവീകരിക്കാനുള്ള ശ്രമത്തിലാണ് രജിസ്‌ട്രേഷന്‍ വകുപ്പ്.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ മറ്റൊരു സേവനമായ ചിട്ടി സംവിധാനം കോറല്‍ സോഫ്റ്റ് വെയറിലൂടെ ഓണ്‍ലൈന്‍ ആക്കുകയാണ്. ചിട്ടി ബിസിനസ് നടത്തുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും കാലതാമസം കൂടാതെ ചിട്ടി അനുമതി/ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ കാലവിളംബം കൂടാതെ സമര്‍പ്പിച്ച് ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. സംസ്ഥാന ഖജനാവിന്റെ  റവന്യൂ വരുമാന സ്രോതസ്സില്‍ മൂന്നാം സ്ഥാനത്താണ് രജിസ്‌ട്രേഷന്‍ വകുപ്പ്. 

date