ആരോഗ്യവകുപ്പ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു
*പ്രമേഹാന്ധത ചികിത്സിക്കാന്‍ നൂതന സാങ്കേതിക വിദ്യ
*എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ജൂണില്‍
*പത്തു ജില്ലാ ആശുപത്രികളില്‍ മികവുറ്റ ഹൃദ് രോഗ ചികിത്സാ കേന്ദ്രങ്ങള്‍
*ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കൈകാര്യം ചെയ്യാന്‍ ആക്ഷന്‍ പ്ലാന്‍
*എല്ലാ ജില്ലയിലും ഒരു താലൂക്ക് ആശുപത്രിയിലെങ്കിലും ഈവനിംഗ് സ്പെഷ്യാലിറ്റി ഒ.പി. സംവിധാനം
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ പദ്ധതികള്‍ വരുന്നു. പ്രമേഹം മൂലമുള്ള അന്ധത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്ധത പരിശോധിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള നേത്ര ചികിത്സയ്ക്ക് സംവിധാനമൊരുക്കും. ഇതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നോണ്‍ മിഡിയാട്രിക് കാമറകള്‍ ഉപയോഗപ്പെടുത്തും.
രോഗികളുടെ നേത്രഗോളത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റു വഴി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്മോളജിയിലെത്തിച്ച് പരിശോധന നടത്തും. ചികിത്സ ആവശ്യമായവര്‍ക്ക് ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ലേസര്‍ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ജൂണില്‍ ആരംഭിക്കും.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളും ജൂണില്‍ ആരംഭിക്കും. നാല്പത്തിനാല് താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ഘട്ടംഘട്ടമായി ആരംഭിക്കും.
ഹൃദ് രോഗികളുടെ ആശങ്കാജനകമായ വര്‍ധന പരിഗണിച്ച് സംസ്ഥാനത്തെ പത്തു ജില്ലാ ആശുപത്രികളില്‍ മികവുറ്റ ഹൃദ് രോഗ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനമായി. ഇടുക്കി, പത്തനംതിട്ട, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെയുള്ള പത്ത് ജില്ലകളിലെ ജില്ലാ ആശുപത്രികളിലാണ് ആധുനിക സംവിധാനങ്ങളുള്ള ഹൃദ് രോഗ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കൈകാര്യം ചെയ്യാനുള്ള ആക്ഷന്‍ പ്ലാന്‍ ഉടനെ പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി വെറ്ററിനറി, പോള്‍ട്രി, ഫിഷറീസ് കേന്ദ്രങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കാനും ആശുപത്രികളില്‍ ആന്റി ബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനും നിര്‍ദ്ദേശിക്കും.
ഇതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളേജിലും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ള ആറ് ഡ്രഗ് റസിസ്റ്റന്റ് മൈക്രോബുകളുടെ മരുന്നുകളോടുള്ള സെന്‍സിറ്റിവിറ്റി പരിശോധിക്കാനും അതനുസരിച്ച് ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം ക്രമീകരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് വിപുലപ്പെടുത്തി എല്ലാ ജില്ലാ ആശുപത്രികളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും.
ഒപ്പം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ നേതൃത്വത്തില്‍ രോഗാണുക്കളുടെ മരുന്നുകളോടുള്ള സെന്‍സിറ്റിവിറ്റിയും റസിസ്റ്റന്‍സും കണ്ടെത്താനുള്ള ഗവേഷണം ആരോഗ്യവകുപ്പ് കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, വിവിധ കോര്‍പ്പറേറ്റ് ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തിവരികയാണ്.
എല്ലാ ജില്ലയിലെയും ഒരു താലൂക്ക് ആശുപത്രിയിലെങ്കിലും പൈലറ്റടിസ്ഥാനത്തില്‍ ഈവനിംഗ് സ്പെഷ്യാലിറ്റി ഒ.പി. സംവിധാനവും ആരംഭിക്കും.
പി.എന്‍.എക്സ്.1778/18
- Log in to post comments