Skip to main content

വോട്ടു ചെയ്യൂ എന്റെ വോട്ട് എന്റെ നാടിന് വോട്ടു ചെയ്യാൻ അഭ്യർഥിച്ച് ജില്ല കളക്ടറുടെ കത്ത്

ആലപ്പുഴ: വോട്ടർമാർക്കുള്ള ബോധവത്ക്കരണത്തിനും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വോട്ടർ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള സ്വീപ്പ് പദ്ധതിയിൽ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി.അനുപമ  അറിയിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലത്തിൽ  പ്രത്യേക വാഹനത്തിൽ മാതൃക പോളിംഗ് ബൂത്തു സജ്ജമാക്കി ജനങ്ങളെ വി.വി.പാറ്റ് സംവിധാനം പരിചയപ്പെടുത്തി വരികയാണ്. ഇതോടൊപ്പം വോട്ടു ചെയ്യൂ എന്റെ വോട്ട് എന്റെ നാടിന് എന്നതലക്കെട്ടിൽ എല്ലാവരും വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ജില്ല കളക്ടറുടെ കത്തും ഇതോടൊപ്പം നൽകുന്നുണ്ട്. 

സമ്മതിദാനാവകാശം വിനിയോഗിക്കാന് എല്ലാ മേഖലകളിലെയും ജനങ്ങളെ ബോധവല്ക്കരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടിങ് ശതമാനത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ് വർധനയാണ് ലക്ഷ്യം.  തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ ആവശ്യകത, എന്നിവ വിവരിക്കുന്ന ലഘുലേഖകൾ പ്രദർശന വാഹനത്തോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും വോട്ടർ ബോധവത്ക്കരണ പരിപാടികൾക്കുണ്ടാകണമെന്ന് കളക്ടർ അഭ്യർഥിച്ചു.

 

(പി.എൻ.എ 994/ 2018)

date