Skip to main content

ലോക ഗ്ലോക്കോമ വാരാചരണം: ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി

ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായിക് നിര്‍വഹിച്ചു. 'ലോകം പ്രകാശ പൂരിതമാണ്; നിങ്ങളുടെ കണ്ണുകള്‍ സംരക്ഷിക്കൂ'എന്ന സന്ദേശത്തോടെ മാര്‍ച്ച് 13 വരെയാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരാചരണം നടത്തുന്നത്. കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളുടെ അജ്ഞത നീക്കുകയും ഗ്ലോക്കോമ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയുമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഉയര്‍ന്ന നേത്രമര്‍ദ്ദം മൂലം കണ്ണില്‍ നിന്നും തലച്ചോറിലേക്ക് കാഴ്ചാ സിഗ്നലുകള്‍ എത്തിക്കുന്ന നാഡിയെ ബാധിക്കുകയും പാര്‍ശ്വവീക്ഷണത്തില്‍ കുറവുണ്ടായി ക്രമേണ അന്ധതയിലേക്ക് എത്തിക്കുകയും ചെയ്യുന്ന രോഗമാണ് ഗ്ലോക്കോമ. ആദ്യഘട്ടങ്ങളില്‍ ഗ്ലോക്കോമക്ക് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ചിലര്‍ക്ക് തലവേദന, കണ്ണുവേദന, കണ്ണിന് ചുവപ്പുനിറം, കൃഷ്ണമണിയില്‍ നിറവ്യത്യാസം എന്നീ ലക്ഷണങ്ങള്‍ കാണാറുണ്ട്. തുടക്കത്തിലെ കണ്ടെത്തുക എന്നതാണ് ഗ്ലോക്കോമ ചികിത്സയില്‍ പ്രധാനം. ചികിത്സ കൊണ്ട് നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കിട്ടില്ലെങ്കിലും നിലവിലുള്ള കാഴ്ച നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയും.
ഏറ്റവും സാധാരണമായ ഗ്ലോക്കോമ തുള്ളിമരുന്നുകളും, ഗുളികകളും ഉപയോഗിച്ച് മാറ്റാം. ശസ്ത്രക്രിയകള്‍ അപൂര്‍വ്വമായി മാത്രമേ ആവശ്യമായി വരാറുള്ളൂ. 40 വയസ്സിനുശേഷം കൃത്യമായ ഇടവേളകളില്‍ കണ്ണിന്റെ പരിശോധന നടത്തണം.  കണ്ണിന്റെ മര്‍ദ്ദം പരിശോധിച്ച് ആവശ്യമെങ്കില്‍ ഫീല്‍ഡ് ടെസ്റ്റ്, കണ്ണിന്റെ ഞരമ്പുകളുടെ സ്‌കാന്‍ എന്നിവ നടത്തി ഗ്ലോക്കോമ തിരിച്ചറിയാം.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആശുപ്രതി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ അധ്യക്ഷയായി. ഡെപ്യൂട്ടി ഡിഎംഒ എം കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍ എന്നിവര്‍  വിഷയാവതരണം നടത്തി. ജില്ലാ ആശുപത്രി ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. എസ് അനിത ഗ്ലോക്കോമയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. എന്‍പിസിബി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. കെ മായ, ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. സി വി ടി ഇസ്മയില്‍, മൊബൈല്‍ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. സന്ധ്യ റാം, തലശ്ശേരി ഗവ.ആശുപത്രി ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. ഒ ടി രാജേഷ്, ജില്ലാ ഓഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ കെ എം ത്രേസ്യാമ്മ, ജില്ലാ എഡുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.
വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, സ്‌ക്രീനിംഗ് ക്യാമ്പുകള്‍, റേഡിയോ ടോക്ക്, വെബിനാര്‍ തുടങ്ങിയവയും സംഘടിപ്പിക്കും

date