Skip to main content

ജില്ലയിലെ റേഷന്‍ വിതരണം പൂര്‍ണ്ണമായും സുതാര്യമാകും

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 അനുശാസിക്കുന്ന രീതിയില്‍ ഇ-പോസ് മെഷീന്‍ വഴിയുള്ള റേഷന്‍ വിതരണം ഈ മാസം 11 മുതല്‍ ജില്ലയില്‍ ആരംഭിച്ചു.  ജില്ലയിലെ മുഴുവന്‍ റേഷന്‍കടകളിലും ഇ-പോസ് മെഷീന്‍ സ്ഥാപിച്ച് വിതരണം തുടങ്ങി. കാര്‍ഡുടമയ്്‌ക്കോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കോ ആധാര്‍ അധിഷ്ഠിത ബയോമെട്രിക്ക് സംവിധാനം വഴി റേഷന്‍കടകളില്‍ നിന്നും അവര്‍ക്കര്‍ഹമായ റേഷന്‍ സാധനങ്ങള്‍ വാങ്ങാം.കാര്‍ഡുടമകള്‍ അവര്‍ക്കര്‍ഹമായ റേഷന്‍ വിഹിതം ലാപ്‌സാകാതെ ബില്‍ സഹിതം ചോദിച്ചു വാങ്ങണം.
ഇ-പോസ് സംവിധാനം നിലവില്‍ വന്നതോടെ റേഷന്‍ സാധനങ്ങളുടെ വിലയിലും അളവിലും മാറ്റം വരുത്തിയിട്ടുണ്ട്.നിലവില്‍ രണ്ട് കി.ഗ്രാം ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന എന്‍.പി.എന്‍.എസ്. കാര്‍ഡുടമകള്‍ക്ക് ഈ മാസം നാല് കി.ഗ്രാം ഭക്ഷ്യധാന്യം ലഭിക്കും.അരിയുടെ വില 9.90 രൂപയും (കിഗ്രാമിന്) ഗോതമ്പിന് 7.70 രൂപ(കി.ഗ്രാം) ആയിരിക്കും. സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് ആളൊന്നിന്  രണ്ട് കി.ഗ്രാം അരി മൂന്ന് രൂപ (കി.ഗ്രാമിന്) നിരക്കിലും  പ്രയോറിറ്റി കാര്‍ഡുടമകള്‍ക്ക് ആളൊന്നിന് അഞ്ച് കി.ഗ്രാം ഭക്ഷ്യധാന്യം കി.ഗ്രാം ഒരു രൂപ നിരക്കിലുംഎ.എ.വൈ കാര്‍ഡുടമകള്‍ക്ക് 35 കി.ഗ്രാം ഭക്ഷ്യധാന്യം 30 കി.ഗ്രാം അരി+5 കി.ഗ്രാം ഗോതമ്പ്  സൗജന്യമായും ലഭിക്കും.എന്‍.പി.എന്‍.എസ്., സബ്‌സിഡി എന്നീ റേഷന്‍കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് മൂന്ന് കി.ഗ്രാം ആട്ട കി.ഗ്രാമിന് 16  രൂപ നിരക്കില്‍ ലഭിക്കും.
ഇ-പോസ് മെഷീന്‍ വഴിയുള്ള റേഷന്‍ വിതരണം സര്‍ക്കാറിന്റെ സുതാര്യമായ റേഷന്‍ സംവിധാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടുള്ളതാണ്. കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവിലും തൂക്കത്തിലും വിലയിലും ബില്‍ സഹിതം നല്‍കാത്ത റേഷന്‍ കട ലൈസന്‍സികള്‍ കേരള റേഷനിംഗ് ഉത്തരവ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരമുള്ള നടപടികളും നേരിടേണ്ടിവരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.ഇത്തരത്തില്‍ റേഷന്‍ വിതരണം നടത്തുന്ന റേഷന്‍ വ്യാപാരികളുടെ ലൈസന്‍സ്  റദ്ദ് ചെയ്യും.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ പരിഹരിക്കും.ഫോണ്‍  04994-230108 (താലൂക്ക് സപ്ലൈ ഓഫീസ്, കാസര്‍കോട്),  04998 240089   (താലൂക്ക് സപ്ലൈ ഓഫീസ്, മഞ്ചേശ്വരം), 04672 204044  (താലൂക്ക് സപ്ലൈ ഓഫീസ്, ഹോസ്ദുര്‍ഗ്), 04672 242720    (താലൂക്ക് സപ്ലൈ ഓഫീസ് വെള്ളരിക്കുണ്ട്), 04994 255138   (ജില്ലാ സപ്ലൈ ഓഫീസ്, കാസര്‍കോട്).
 

date