Skip to main content

ഒരുമയുടെ ഉത്സവം 2018' ന് സമാപനം: പ്രദര്‍ശന മേളക്കെത്തിയത് പതിനായിരങ്ങള്‍

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏഴു ദിവസങ്ങളിലായി സംഘടിപ്പിച്ച 'ഒരുമയുടെ ഉത്സവം 2018' പ്രദര്‍ശന - വിപണന മേളയ്ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും സമാപനം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകളുടെയും  പ്രദര്‍ശനവും വിപണനവും ഒരുക്കിയായിരുന്നു നവകേരളത്തിന്റെ രണ്ടു വര്‍ഷങ്ങള്‍ എന്ന പേരില്‍ മേള സംഘടിപ്പിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും നൂതന പദ്ധതികളെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കാനും ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തിയും സംഘടിപ്പിച്ച മേളയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നുമായി വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, യുവജനങ്ങള്‍ തുടങ്ങി ആയിരകണക്കിനാളുകളാണ് പങ്കാളികളായത്. ഏഴു ദിവസങ്ങളിലായി നാല്‍പ്പതിനായിരത്തോളമാളുകളാണ് കുടുംബ സമേതവും അല്ലാതെയും പ്രദര്‍ശന നഗരിയിലെത്തിയത്. 2017-18 വര്‍ഷത്തില്‍ ജൈവകൃഷിയില്‍ മികച്ച നേട്ടമുണ്ടാക്കിയ പഞ്ചായത്തുകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചായിരുന്നു 'ഒരുമയുടെ ഉത്സവത്തിന്' തുടക്കമായത്. തുടര്‍ന്ന് കായിക മലപ്പുറത്തിന് ആദരമെന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലയിലെ സന്തോഷ് ട്രോഫി താരങ്ങളെ അനുമോദിച്ചു. ഐ.എം വിജയനായിരുന്നു ചടങ്ങില്‍ മുഥ്യാതിഥി. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും ഒരുമയുടെ ഉത്സവ വേദിയിലായിരുന്നു. മാപ്പിളപ്പാട്ട് : മലയാള ചലച്ചിത്രങ്ങളിലും നാടകങ്ങളിലും' എന്ന വിഷയത്തിലുള്ള സെമിനാറും  ഇശല്‍ ഇമ്പം എന്ന പേരില്‍ സംഗീത വിരുന്നും ഒരുക്കി. 'നവോത്ഥാന പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹ്യമുന്നേറ്റവും' എന്ന വിഷയത്തിലുള്ള സെമിനാറും പ്രധാന പരിപാടികളിലൊന്നായിരുന്നു. വി.പി മന്‍സിയയുടെ നൃത്തവും മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍ അണിയിച്ചൊരുക്കിയ 'ചില്ലറ സമരം' എന്ന നാടകവും സാംസ്‌കാരിക പരിപാടിയില്‍ കലാസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നു. 'സ്ത്രീ ശാക്തീകരണത്തിന്റെ വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ നിലമ്പൂര്‍ ആയിഷയുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച സെമിനാറും ഗൗരവ്വമേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. തുടര്‍ന്ന് കുടുംബശ്രീ നൈറ്റ് അരങ്ങേറി. ജില്ലയിലെ ജനകീയാരോഗ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കിയ 'ആരോഗ്യജാഗ്രതയോടെ മലപ്പുറം' സെമിനാറും ശ്രദ്ധേയമായി. ലഹരിവിരുദ്ധ ബോധവത്ക്കരണ പദ്ധതിയായ വിമുക്തിയുടെ ഭാഗമായി കല്ലുമാലയും വില്ലുവണ്ടിയും എന്ന പേരില്‍ സംഘടിപ്പിച്ച സംഗീത നൃത്തശില്‍പ്പവും ആകര്‍ഷകമായിരുന്നു. നാടന്‍പാട്ട്, ആദിവാസി നൃത്തം, പരമ്പരാഗത കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം എന്നിവയും ഒരുമയുടെ ഉത്സവത്തില്‍ ഒരുക്കിയിരുന്നു. മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 94 സ്റ്റാളുകള്‍, 12 ഫുഡ് കോര്‍ട്ടുകള്‍, ഉമ്മാന്റെ വടക്കിനി, ചക്ക മഹോത്സവം, ഫലവൃക്ഷതൈകളുടെ പ്രദര്‍ശനവും വില്‍പ്പനയും, സൗജന്യ വൈഫൈ, ഡോക്ടര്‍മാരുടെ സേവനം, സ്‌കൂള്‍ ചന്ത, വീഡിയോ പ്രദര്‍ശനങ്ങള്‍, ജില്ലയിലെ സര്‍ക്കാര്‍ വികസന പരിപാടികളുടെ ഫോട്ടോ പ്രദര്‍ശനം എന്നിവയോടുകൂടിയാണ് 'ഒരുമയുടെ ഉത്സവം' സംഘടിപ്പിച്ചത്.

date