Skip to main content

കുടുംബശ്രീ ജില്ലയില്‍ ജൈവകൃഷിയിറക്കിയത് 7200 ഹെക്ടറില്‍ 20 ഏക്കറില്‍ തരിശ് രഹിത ഗ്രാമം പദ്ധതിയും

 

കുടുംബശ്രീ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ ജൈവകൃഷിയിറക്കിയത് 7200 ഹെക്ടറില്‍. മഹിള കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതിപ്രകാരം 330 പുതിയ സംഘകൃഷി ഗ്രൂപ്പുകളായാണ് കൃഷിയിറക്കിയത്. ഇതോടെ 1350 ഓളം പേര്‍ പുതിയതായി കാര്‍ഷിക മേഖലയിലേക്കിറങ്ങി.
കൃഷിയിറക്കുന്നതിന് ആവശ്യമായ തുക പലിശ രഹിത വായ്പയായും  ഒന്നരക്കോടിയോളം രൂപ ഇന്‍സെറ്റീവായുമാണ് നല്‍കിയത്. ജില്ലയില്‍ 5241 സംഘ കൃഷി ഗ്രൂപ്പുകള്‍ നിലവില്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ 3000 ലേറെ ഗ്രൂപ്പുകള്‍ നല്ല രീതിയില്‍ തന്നെ കൃഷി ചെയ്യുന്നവരും വരുമാനം കണ്ടെത്തുന്നവരുമാണ്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ആഴ്ച ചന്തകളും സ്ഥിരം വിപണന കേന്ദ്രങ്ങളും കുടുംബശ്രീ ഒരുക്കി. ഇപ്രകാരം കഴിഞ്ഞ വര്‍ഷം മാത്രമായി കുടുംബശ്രീ നടത്തിയ ചന്തകളില്‍ 50 ലക്ഷത്തോളം രൂപയുടെ കച്ചവടമാണ് ഉണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 20 ഏക്കറോളം ഭൂമി തരിശുനിലമായി കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ സര്‍വ്വേ നടത്തി പഞ്ചായത്തുമായി സഹകരിച്ച് സംഘഗ്രൂപ്പുകള്‍ വഴി കൃഷിയിറക്കി തരിശ് രഹിത ഗ്രാമം പദ്ധതി നടപ്പാക്കാനാണ് കുടുംബശ്രീ അടുത്തതായി ലക്ഷ്യമിടുന്നതെന്ന് ജില്ലാമിഷന്‍ അറിയിച്ചു.

date