കൊവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ 22 മുതല്‍ ഇതിനകം പ്രതിരോധ വാക്‌സിന്‍ എടുത്തത് 1,68, 583 പേര്‍
അര്‍ഹരായ മുഴുവന്‍ ആളുകളും എത്രയും വേഗം കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. തിങ്കളാഴ്ച (മാര്‍ച്ച് 22) മുതല്‍ ജില്ലയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങും. നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഏഴ് മെഗാ ക്യാമ്പുകളാണ് ആരംഭിക്കുന്നത്. ഞായറാഴ്ച്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ക്യാമ്പുകള്‍ ഉണ്ടാകും. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവര്‍ത്തന സമയം.
ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണിപ്പോരാളികള്‍, നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാര്‍, 45 നും 60 വയസ്സിനുമിടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 1,68,583 പേരാണ് ഇതിനകം വാക്‌സിന്‍ എടുത്തത്. കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരിയ പനി, തലവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലഘുവായ ലക്ഷണങ്ങള്‍ ഉണ്ടാകുമെങ്കിലും അവ ഒന്നു രണ്ട് ദിവസത്തിനകം അപ്രത്യക്ഷമാകുന്നതായാണ് കണ്ടു വരുന്നത്. ആദ്യ ഡോസ് കുത്തിവയ്‌പ്പെടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കും. ഇതുകഴിഞ്ഞ് 14 ദിവസം പിന്നിടുമ്പോള്‍ കൊവിഡിനെതിരെ ശരീരം പ്രതിരോധ ശേഷി ആര്‍ജ്ജിക്കാന്‍ തുടങ്ങും. ഇതോടൊപ്പം മാസ്‌ക് ധാരണം, കൈകളുടെ അണുനശീകരണം, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കുക കൂടി ചെയ്താല്‍ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയുമെന്നും ഡിഎംഒ പറഞ്ഞു. കൂടുതല്‍ ഡോസ് ലഭ്യമാകുന്നതോടെ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിത്തുടങ്ങും. വാക്‌സിന്റെ ലഭ്യതക്കനുസരിച്ചാണ് സര്‍ക്കാര്‍ ഓരോ വിഭാഗത്തിനും മുന്‍ഗണന നിശ്ചയിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ രോഗപ്പകര്‍ച്ചാ സാധ്യതയും പ്രതികൂലാവസ്ഥയുമുള്ളവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ക്രമീകരണം. മുന്‍ഗണനാ വിഭാഗങ്ങളായ മുതിര്‍ന്ന പൗരന്മാരോ, 45 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളവരോ കുടുംബത്തിലോ ചുറ്റുവട്ടത്തോ ഉണ്ടെങ്കില്‍ അവരെ വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ട സാമൂഹിക ഉത്തരവാദിത്തം കൂടി നാം ഏറ്റെടുക്കണമെന്നും ഡി എംഒ അറിയിച്ചു.
മേജര്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, തെരഞ്ഞെടുത്ത സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം വാക്‌സിനേഷനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. മുന്‍ഗണനാ വിഭാഗങ്ങള്‍ ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ഡി എം ഒ അറിയിച്ചു. മഹാമാരിയെ തുടച്ചു നീക്കുന്ന മഹത്തായ ദൗത്യത്തില്‍ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവുമുണ്ടാവണമെന്നനും ഡി എം ഒ അറിയിച്ചു
- Log in to post comments