കണ്ണൂര്‍ അറിയിപ്പുകള് 24-03-2021
സീറ്റൊഴിവ്
പിഎസ്സി അംഗീകരിച്ച അപ്പര്‍ പ്രൈമറി അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ഭൂഷണ്, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി മറ്റ് അര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 8547126028.
സര്‍വ്വീസില്‍ നിന്നും വിരമിച്ചു
കണ്ണൂര്‍ പിഡബ്ല്യൂഡി ഇലക്ട്രോണിക്സ് സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ആര് സജീവന് 15 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ഇലക്ട്രോണിക്സ് സെക്ഷന്‍ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എളയാവൂര് സ്വദേശിയാണ്. പെരളശ്ശേരി എ കെ ജി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക സി വി ലതയാണ് ഭാര്യ. മക്കള്‍: അതുല്‍ സജീവ്, അനഘ സജീവ്.
ലോക് അദാലത്ത്
ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ കേസുകളും പൊതുമേഖലാ ബാങ്കുകള്‍, ബി എസ് എന്‍ എല്‍, വോഡാഫോണ്‍, ടാറ്റാ ഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകളും രജിസ്ട്രേഷന് വകുപ്പിലെ അണ്ടര്‍ വാലേ്വഷന് കേസുകളും സംബന്ധിച്ച ലോക് അദാലത്ത് തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളില്‍ ഏപ്രില്‍ 10 ന് രാവിലെ 10 മണി മുതല്‍ നടത്തും. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചവര്‍ അതാത് കോടതികളില്‍ ഹാജരാകണമെന്ന് ഡി എല്‍ എസ് എ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04902344666.
ഓണ്‍ലൈന്‍ ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്പന ഏപ്രില്‍ എട്ട്, 19 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യാം. കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയിലും രജിസ്ട്രേഷന് നടത്തും. താല്പര്യമുള്ളവര് പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം ഗവ.ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080.
തപാല്‍ അദാലത്ത് ഏപ്രില്‍ അഞ്ചിന്
ഉത്തരമേഖലാ തപാല്‍ അദാലത്ത് ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകളിലുള്ള കത്തുകള്‍, മണിയോഡര്‍, പാര്‍സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിങ്സ് ബാങ്ക് തുടങ്ങി പോസ്റ്റല്‍ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കെ മനോജ്, അസി. ഡയറക്ടര്‍ (III) പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കാലിക്കറ്റ് 673011 എന്ന വിലാസത്തില്‍ മാര്‍ച്ച് 26 ന് മുമ്പായി ലഭിക്കണം. കവറിനു പുറത്ത് തപാല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പുതിയ ഫിറ്റ്നസ് സെന്ററില്‍ സിന്തറ്റിക് റബ്ബര്‍ ഫ്ളോറിംഗ് നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 22 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
രേഖകള്‍ ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് തുടര്‍ന്നും ധനസഹായം ലഭിക്കുന്നതിനായി ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ നീലേശ്വരത്തുള്ള കാസര്‍കോട് ഡിവിഷന് ഓഫീസില്‍ മാര്‍ച്ച് 30 നകം ഹാജരാക്കേണ്ടതാണെന്ന് അസി.കമ്മീഷണര്‍ അറിയിച്ചു.
തീയതി നീട്ടി
സ്കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട ഗവ./എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ സംഘടിപ്പിച്ച ഡി സി എ കോഴ്സ് അഞ്ചാം ബാച്ച് പൊതുപരീക്ഷക്ക് 20 രൂപ പിഴയോടെ ഫീസ് ഒടുക്കേണ്ട സമയപരിധി മാര്‍ച്ച് 30 വരെ നീട്ടിയതായി എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
ചാല - തന്നട - പൊതുവാച്ചേരി റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണ പ്രവൃത്തി നടണക്കുന്നതിനാല് ഇന്ന് (മാര്‍ച്ച് 25 വ്യാഴാഴ്ച) മുതല്‍ 14 ദിവസത്തേക്ക് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അസി.എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക് ഉചിതമായ മറ്റ് റോഡുകള്‍ ഉപയോഗിക്കാവുന്നതാണ്
- Log in to post comments