Skip to main content

സാക്ഷരതാ സ്മാരകമായി സാക്ഷരതാ ഭവന്‍ നിര്‍മ്മിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

കോട്ടയം സാക്ഷരതാ പരിപാടിയുടെ സ്മാരകമായി കോട്ടയം നഗരത്തില്‍ സാക്ഷരതാ ഭവന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ പ്രോജകട് അടിയന്തിരമായി തയ്യാറാക്കി നല്‍കാന്‍  ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കും. നിലവില്‍ പഴക്കം ചെന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് നീക്കം. സാക്ഷരതാ മിഷന്‍ ജില്ലയില്‍ നടത്തിവരുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച്  യോഗത്തില്‍ അവലോകനം ചെയ്തു. 80 സാക്ഷരതാ ക്ലാസുകളിലായി  711 പേര്‍ സാക്ഷരതാ ക്ലാസില്‍ പഠിക്കുന്നുണ്ട്. ഇവരുടെ പരീക്ഷ ജൂണ്‍ 24ന് നടക്കും. പരീക്ഷയ്ക്ക് മുമ്പായി ജനപ്രതിനിധികള്‍ ക്ലാസുകള്‍ സന്ദര്‍ശിക്കണമെന്നും ജൂണ്‍ എട്ടിനകം പഞ്ചായത്ത് നഗരസഭാതലങ്ങളിലെ സാക്ഷരതാ സമിതികള്‍ ചേരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പട്ടികജാതി കോളനികളില്‍ നടപ്പാക്കുന്ന നവചേതന പദ്ധതിയില്‍ ഏഴ് കോളനികളെ കൂടി ഉള്‍പ്പെടുത്തും. നിലവില്‍ വിജയപുരം കൊല്ലംകൊമ്പ്, മാടപ്പള്ളി ഇടപ്പള്ളി, പാമ്പാടി അണ്ണായില്‍, മീനച്ചില്‍ പുത്തന്‍ ശബരി, കാണക്കാരി ചാത്തമല, ഉദയനാപുരം കൊടിയനാട്, കടുത്തുരുത്തി മധുരവേലി എന്നീ എസ്.സി കോളനികളിലാണ് ഈ പദ്ധതി നടന്നു വരുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി നടപ്പാക്കുന്ന ചങ്ങാതി പദ്ധതി പായിപ്പാടിന് പുറമെ മറ്റൊരു പഞ്ചായത്തില്‍കൂടി നടപ്പാക്കും. തുല്യത കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കുളള പഠനോപകരണങ്ങള്‍, ഫീസ് എന്നിവ നല്‍കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കണം. 1032 പഠിതാക്കളെ പത്താം ക്ലാസ് വിജയിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നു മിഷന്‍ 2020 എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 22 ലക്ഷം രൂപ ഉള്‍പ്പെടുത്തിയിട്ടുളളതായി അദ്ദേഹം പറഞ്ഞു.    ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വി രതീഷ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date