Skip to main content

ശരീരം ആഗ്രഹിക്കുന്ന ഭക്ഷണമേതെന്നറിയാന്‍ ഋതു കലണ്ടര്‍

കൊച്ചി: നിങ്ങളുടെ ഇഷ്ടം നിങ്ങളുടെ ശരീരത്തിന്റെയും ഇഷ്ടമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  ഋതുക്കള്‍ മാറി വരുന്നതിനനുസരിച്ച് ബലാധിക്യവും ബലമാന്ദ്യവും ബലക്ഷയവുമെല്ലാം ശരീരത്തിനുണ്ടാകുന്നുണ്ടെന്ന് അറിയുമോ? അറിയുമെങ്കില്‍ അതെപ്പോഴെല്ലാമാണെന്ന് വേര്‍തിരിക്കാനാകുമോ?

ഋതുഭേദങ്ങള്‍ക്കനുസരിച്ച് ശരീരത്തിന് താങ്ങാനാവുന്നതും ആകാത്തതും ശരീരം ആഗ്രഹിക്കുന്നതുമായ ഭക്ഷണവും ജീവിതക്രമങ്ങളും ആയുര്‍വേദം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കലണ്ടറിലെ ഇംഗ്ലീഷ് മാസങ്ങളല്ലാതെ ഋതുക്കളൊക്കെ അറിയാനാകും. പൊതുജനങ്ങളെ എങ്ങനെയെങ്കിലും കൃത്യമായ ജീവിതചര്യകളിലേക്ക് മടക്കിക്കൊണ്ടുവരാന്‍  നാഷണല്‍ ആയുഷ് മിഷനു കീഴില്‍ ആയുഷ്ഗ്രാം മൂവാറ്റുപുഴ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഗവ. ആയുര്‍വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീയും സംഘവും ഒരു  ഋതു കലണ്ടര്‍ തയാറാക്കിയിട്ടുണ്ട്. 

ഋതു കലണ്ടര്‍ കാണാനും വിവരങ്ങളറിയാനും കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കലും കര്‍ക്കിടചര്യയും മനസ്സിലാക്കാനും മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേള ജനകീയം 2018ലെ ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാളിലാണ് സൗകര്യമൊരുക്കിയിരുന്നത്. 

ഭാരതീയ ദിനദര്‍ശിക അടിസ്ഥാനത്തില്‍ ഭാരത്തില്‍ ആറ് ഋതുക്കളാണുള്ളത്. 

വസന്തം (ഫെബ്രുവരി ഉത്തരാര്‍ധം, മാര്‍ച്, ഏപ്രില്‍ പൂര്‍വാര്‍ധം), ഗ്രീഷ്മം  (ഏപ്രില്‍ ഉത്തരാര്‍ധം, മേയ്, ജൂണ്‍ പൂര്‍വാര്‍ധം), വര്‍ഷം  (ജൂണ്‍ ഉത്തരാര്‍ധം, ജുലൈ, ഓഗസ്റ്റ് പൂര്‍വാര്‍ധം), ശരത്  (ഓഗസ്റ്റ് ഉത്തരാര്‍ധം, സെപ്റ്റംബര്‍, ഒക്ടോബര്‍ പൂര്‍വാര്‍ധം), ഹേമന്തം  (ഒക്ടോബര്‍ ഉത്തരാര്‍ധം, നവംബര്‍, ഡിസംബര്‍ പൂര്‍വാര്‍ധം), ശിശിരം  (ഡിസംബര്‍ ഉത്തരാര്‍ധം, ജനുവരി, ഫെബ്രുവരി പൂര്‍വാര്‍ധം) എന്നിവയാണത്. 

വസന്ത കാലത്ത്  ശരീരബലം മധ്യമവും ജഠരാഗ്‌നി മന്ദവും അഗ്‌നിമാന്ദ്യം മൂലം രോഗങ്ങള്‍ കഫപ്രധാനവുമായിരിക്കും. ഗ്രീഷ്മത്തില്‍ ശരീരബലം ഏറ്റവും കുറയുകയും ശരീരത്തില്‍ കഫം കുറഞ്ഞ് വാതം വര്‍ദ്ധിക്കുകയും ചെയ്യും. വര്‍ഷ ഋതുവില്‍ ശരീരബലം ഏറ്റവും കുറവും ജഠരാഗ്‌നി മന്ദവുമാണെങ്കില്‍ ശരത്കാലത്ത് ശരീരബലം മധ്യമവും രോഗങ്ങള്‍ പിത്ത പ്രധാനവുമാകും. ഹേമന്തത്തില്‍ ശരീരബലവും ജഠരാഗ്‌നിയും പ്രബലമാകും. വാതസംബന്ധമായ രോഗങ്ങളെ മാത്രം സൂക്ഷിച്ചാല്‍ മതി.  മരം കോച്ചുന്ന തണുപ്പുമായി വരുന്ന ശിശിരത്തില്‍ ശരീരബലം അധികവും ജഠരാഗ്‌നി പ്രബലവുമാകും. വാതരോഗങ്ങള്‍ക്ക് സാധ്യത കൂടും. ഇത് കാലാവസ്ഥ മാത്രം. എന്നാല്‍ ഇവ ക്കനുസരിച്ച് കഴിക്കാവുന്നതും കഴിക്കരുതാത്തതുമായ ഭക്ഷണം, ധരിക്കാവുന്ന വസ്ത്രം, ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ തുടങ്ങിയവ എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍ വളരെ ലളിതമായാണ് ഋതു കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആഹാരവും ജീവിതചര്യയും  ഇതിനനുസരിച്ച് ചിട്ടപ്പെടുത്തിയാല്‍ ആശുപത്രി വരാന്തകളിലെ തിക്കും തിരക്കും നീണ്ട കാത്തിരിപ്പും ഒരു പരിധി വരെ കുറക്കാനാകുമെന്ന് ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സി.ബി.സജീവ് കുമാര്‍ പറഞ്ഞു. യോഗ പരിശീലിക്കാന്‍ കൂടി തയ്യാറാണെങ്കില്‍ പറയണ്ട  ശരീരം അനുസരണയുള്ള ഒരടിമയായി കൂടെയുണ്ടാകും.  

ജീവിതശൈലീ രോഗങ്ങളുടെ ക്രമാതീതമായ വ്യാപനവും പകര്‍ച്ച വ്യാധികളുടെ തിരിച്ചു വരവും ഫലപ്രദമായി നേരിടുന്നതിന്  ഭാരതീയ ചികിത്സാ വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.  പ്രമേഹരോഗ പ്രതിരോധവും ചികിത്സയും ഉള്‍പ്പെടുന്ന ജീവനി, കുട്ടികളിലെ ദൃഷ്ടി വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള ദൃഷ്ടി , യോഗ ക്ലാസ്സുകള്‍, കായിക താരങ്ങളുടെ പ്രകടനം മെച്ചമാക്കാനും പരിക്കുകള്‍ ഭേദമാക്കാനുമുള്ള സ്‌പോര്‍ട്‌സ് ആയുര്‍വേദ, മദ്യപാനം കൊണ്ടും അല്ലാതെയുമുള്ള കരള്‍രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന കരള്‍രോഗ മുക്തി, സിദ്ധ യൂണിറ്റ്, വൃദ്ധജനങ്ങള്‍ക്ക് കിടത്തി ചികിത്സ ലഭ്യമാക്കുന്ന ജെറിയാട്രിക് കെയര്‍ യൂണിറ്റ്, ഔഷധരഹിത മാര്‍ഗ്ഗത്തിലൂടെ ആരോഗ്യ പരിപാലനം സാധ്യമാക്കുന്ന ആയുഷ് വെല്‍നെസ് സെന്റര്‍, ജീവിതശൈലീ രോഗ നിയന്ത്രണത്തിന് ബോധവല്‍കരണം നല്‍കുന്ന ആയുഷ്യം, ശാസ്ത്രീയമായ മാനസിക രോഗ ചികിത്സ ലഭ്യമാക്കുന്ന മാനസികം യൂണിറ്റ്, സ്ത്രീ രോഗങ്ങളും ഗര്‍ഭകാല പരിചരണവുമായി ബന്ധപ്പെട്ട പ്രസൂതി തന്ത്ര വിഭാഗം, ശിശു പരിപാലനത്തിനുള്ള കൗമാര ഭൃത്യം, കിടപ്പു രോഗികളെ ചികിത്സിക്കുന്ന സ്‌നേഹധാര, പഞ്ചകര്‍മ്മ യൂണിറ്റ് എന്നിവയുടെ സേവനം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ലഭിക്കും.

ദഹനക്കുറവ്, മനംപുരട്ടല്‍, തലവേദന, ക്ഷീണം, ഗ്യാസ് ട്രബിള്‍, ഉറക്കക്കുറവ്, ശരീരവേദന, കൈകാല്‍ കഴപ്പ്  തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മരുന്നു വാങ്ങാന്‍ ഓടാന്‍ വരട്ടെ   ഇവയൊക്കെ നിങ്ങള്‍ നല്‍കുന്ന അ ധിക ജോലിയെ കുറിച്ചോ ക്രമം തെറ്റിയ ഭക്ഷണ രീതിയെ കുറിച്ചോ ശരീരം നിങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുന്നതാവാം.  ഇത് താരതമ്യം ചെയ്തു നോക്കാന്‍ ചുമരില്‍ ഒരു ഋതു കലണ്ടറുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. ഓരോരുത്തര്‍ക്കും അവരവരുടെ ഡോക്ടറാവാനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങളറിയാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ 0484 2335592 ല്‍ വിളിക്കാം.  

date