Skip to main content

നവകേരളത്തെ അടയാളപ്പെടുത്തി  കാസര്‍കോട് പെരുമയ്ക്ക് നാളെ സമാപനം 

 

    അഞ്ചുദിനരാത്രങ്ങള്‍ കാസര്‍കോടിന്റെ ജനമനസുകളില്‍ സ്വാധീനം സൃഷ്ടിച്ച 'പെരുമ'യ്ക്ക് നാളെ(മേയ് 25) സമാപനം. കാഞ്ഞങ്ങാട് നഗരം സമീപകാലത്ത് അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ ഉല്‍പ്പന്നപ്രദര്‍ശനവിപണനസാംസ്‌ക്കാരികമേളയ്ക്കാണ് നാളെ സമാപനമാകുന്നത്. ഇന്നും നാളെയും(24, 25)കൂടി ശേഷിക്കുന്ന പ്രദര്‍ശന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശന മേള. ദിവസവും വൈകിട്ട് 6.30 മുതല്‍ നടക്കുന്ന കലാപരിപാടികള്‍ക്കും വന്‍ജന പങ്കാളിത്തമാണ്. 
    സര്‍ക്കാര്‍ സംബന്ധമായ എന്തു സേവനവും ലഭിക്കുമെന്നതും എല്ലാ വിവരങ്ങളും  അറിയാമെന്നതും സ്്റ്റാളുകളുടെ വൈവിധ്യവുമാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. എല്ലാം ശരിയാകുമെന്നത് വെറും വാക്കല്ലെന്നും ജനങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ഭരണം മാറ്റങ്ങളുടെ വിളംബരമാവുമെന്നും വിളിച്ചോതുന്നതുകൂടയായി പെരുമ. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കേരളത്തിന്റെ അടിസ്ഥാന കൃഷി വ്യവസാന മേഖലകള്‍ക്ക് നല്‍കിയ ഉണര്‍വ്വ് മേളയില്‍ ഒരുക്കിയ സ്റ്റാളുകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. അക്ഷയ സെന്ററിന്റെയും  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്റ്റാളുകളില്‍ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ ഉള്‍പ്പെടെ വ്യത്യസ്ത സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ നല്‍കുന്നതിനും പ്രദര്‍ശനത്തില്‍ സൗകര്യമുണ്ട്. ആധാറില്‍ തെറ്റ് തിരുത്തല്‍, പേര് ചേര്‍ക്കല്‍, ഇലക്ഷന്‍ ഐഡി, ജനന മരണവിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കല്‍ തുടങ്ങിയ സേവങ്ങള്‍ എല്ലാം തന്നെ സ്റ്റാളുകളില്‍ ലഭ്യമാണ്.  
    സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട്് അനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാഭരണകൂടവും സംയുക്തമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 

date