കോവിഡ് പ്രതിരോധം: ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം-മന്ത്രി ജെ. ചിഞ്ചുറാണി
ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അലോപ്പതി-ആയുര്‍വേദ- ഹോമിയോ വിഭാഗങ്ങള്‍ക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രോഗവ്യാപനം ചെറുക്കുന്നതില്‍ പ്രതിരോധ സാമഗ്രികളുടെ ലഭ്യത പ്രധാനമാണ്. ജില്ലാ പഞ്ചായത്തിന്റെയും കെ.എം.എല്‍.എല്ലിന്റെയും സഹകരണത്തോടെ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും ഗ്രൗണ്ടിലും പൂര്‍ണസജ്ജമാകുന്ന കോവിഡ് ചികിത്സാ കേന്ദ്രം ജില്ലയുടെ ആരോഗ്യമേഖലയിലെ ശ്രദ്ധേയ നേട്ടമാണ്. കോവിഡ് പ്രതിരോധത്തില്‍ തൃതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അഭിനന്ദനനാര്‍ഹമാണ്, മന്ത്രി പറഞ്ഞു.
ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ്മപദ്ധതികളിലൂടെ കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് ശക്തമായ പിന്തുണയാണ് ജില്ലാപഞ്ചായത്ത് നല്‍കികൊണ്ടിരിക്കുന്നതെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് സാം കെ. ഡാനിയല്‍ പറഞ്ഞു.
അലോപ്പതി വിഭാഗത്തില്‍ 70 ലക്ഷം രൂപയുടെയും ആയുര്‍വേദ-ഹോമിയോ വിഭാഗങ്ങളില്‍ യഥാക്രമം 15 ഉം 10 ലക്ഷം രൂപയുടെയും പ്രതിരോധ സാമഗ്രികളാണ് വിതരണം ചെയ്തത്. അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. അസുന്താ മേരി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. എസ്. പ്രദീപ് തുടങ്ങിയവര്‍ പ്രതിരോധ സാമഗ്രികള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. പി. പി.ഇ.കിറ്റുകള്‍,എന്‍ 95 മാസ്‌കുകള്‍, ആന്റിജന്‍ കിറ്റുകള്‍, ഡെഡ് ബോഡി ബാഗുകള്‍, പള്‍സ് ഒക്‌സീമീറ്ററുകള്‍, ആയുര്‍വേദ-ഹോമിയോ പ്രതിരോധ മരുന്നുകളായ അപരാജിത ചൂര്‍ണം, സുദര്‍ശനം ഗുളികകള്‍, അര്‍സനികം ആല്‍ബം 30 തുടങ്ങിയവ വിതരണം ചെയ്തതില്‍ ഉള്‍പ്പെടുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാല്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ. പി.കെ.ഗോപന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെ.നജീബത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ എസ്. കല്ലേലിഭാഗം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്ത രമേശ്, അംഗങ്ങളായ എന്‍. എസ്. പ്രസന്നകുമാര്‍, സി.പി. സുധീഷ് കുമാര്‍, ബി. ജയന്തി, സി. ബാള്‍ഡുവിന്‍, സെക്രട്ടറി കെ. പ്രസാദ്, ജില്ലാ പഞ്ചായത്ത്-ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1291/2021)
- Log in to post comments