Skip to main content
 കുട്ടികള്‍ ആത്മ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കണം - ജില്ലാ കളക്ടര്‍

കുട്ടികള്‍ ആത്മ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കണം - ജില്ലാ കളക്ടര്‍

കുട്ടികള്‍ മനസ്സിലെ തടസ്സങ്ങള്‍ നീക്കി ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു ലക്ഷ്യവും കൈവരിക്കാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി തൈക്കാവ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി         സ്കൂളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ശിശുദിന സന്ദേശം നല്‍കുകയായിരുന്നു കളക്ടര്‍. കുട്ടികളുടെ വികസനമാണ് രാജ്യത്തിന്‍റെ വികസനം. സാങ്കേതിക വിദ്യ വളരെയധികം പുരോഗമിച്ചതോടുകൂടി അവസരങ്ങളും വര്‍ദ്ധിച്ചു. എന്നാല്‍ കുട്ടികളുടെ മനസ്സില്‍ നിലനില്‍ക്കുന്ന ചില തടസ്സങ്ങള്‍ മൂലം അവസരങ്ങള്‍ വിനിയോഗിക്കുവാന്‍ കഴിയുന്നില്ല. കുട്ടികളില്‍ നډയും സാഹോദര്യവും സമഭാവനയും വളര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. 
കുട്ടികളുടെ വ്യക്തിത്വവികസനത്തിനുതകുന്ന കാര്യങ്ങള്‍ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പ്രൊഫ.ടി.കെ.ജി.നായര്‍ പറഞ്ഞു. അനാഥബാല്യങ്ങള്‍ ഇല്ലാതാക്കുന്നതിന് സമൂഹം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 
പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ആര്‍.കൃഷ്ണപ്രിയ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ മാസ്റ്റര്‍ ഹെവന്‍ലി കോശി ടോം അധ്യക്ഷത വഹിച്ചു. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളും എന്‍സിസി കേഡറ്റുകളും അണിനിരന്ന് കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച ശിശുദിന ഘോഷയാത്ര നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ആര്‍.ഭാസ്കരന്‍ നായര്‍, ജി.പൊന്നമ്മ, ഡോ.കെ.മോഹന്‍കുമാര്‍, കലാനിലയം രാമചന്ദ്രന്‍, ഡോ.ആര്‍.രാജഗോപാലന്‍, ആര്‍.കൃഷ്ണകുറുപ്പ്, എം.എസ് ജോണ്‍, കെ.ജി.രാജന്‍ ബാബു, സരസമ്മ നടരാജന്‍, കുമാരി അമിത വിനോദ്, മാസ്റ്റര്‍ ഫിലിപ്പ് വര്‍ഗീസ്, കുമാരി കൃപ എല്‍സ ബാബു, അദിതി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടിനി ടോമും സംഘവും ശ്രീജേഷും സംഘവും ദേശഭക്തിഗാനം അവതരിപ്പിച്ചു. 

ശിശുദിനറാലിയില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി   സ്കൂളും രണ്ടാം സ്ഥാനം പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളും മൂന്നാം സ്ഥാനം പത്തനംതിട്ട ഹോളി ഏഞ്ചല്‍സ് സ്കൂളും നേടി.പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കഡറി സ്കൂള്‍, പത്തനംതിട്ട സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഓമല്ലൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു. വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ബാന്‍ഡ് അവതരിപ്പിച്ചു.     
ശിശുദിനാഘോഷ പരിപാടികള്‍ രാവിലെ എട്ടിന് കളക്ടറേറ്റില്‍ ജില്ലാ പോലീസ് മേധാവി ഡോ.സതീഷ് ബിനോ പതാക ഉയര്‍ത്തിയതോടെയാണ് ആരംഭിച്ചത്. 
                                       (പിഎന്‍പി 3051/17)

date