Skip to main content

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ  കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഡി.സി.സി ആരംഭിക്കാൻ നിർദ്ദേശം

 

കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതൽ വരുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ഡി.സി.സി (ഡൊമിസൈൽ കെയർ സെന്റർ) എങ്കിലും ആരംഭിക്കാൻ ജില്ലാ കലക്ടർ മൃൺമയി ജോഷി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ സ്വീകരിക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദേശം. 

ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  കൂടുതലുള്ള ആനക്കര, കൊടുവായൂർ, ലെക്കിടി - പേരൂർ, മുണ്ടൂർ, പെരുവെമ്പ്, പൂക്കോട്ടുകാവ്, കുഴൽമന്ദം, പരുതൂർ, പുതുക്കോട് ഗ്രാമ പഞ്ചായത്തുകളിൽ മെയ് 31നകം ഡൊമിസൈൽ കെയർ സെന്റർ  ആരംഭിക്കണമെന്നത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പാക്കണം.

മണ്ണാർക്കാട്, ഒറ്റപ്പാലം നഗരസഭകളിൽ കമ്മ്യൂണിറ്റി കിച്ചൺ അല്ലെങ്കിൽ ജനകീയ ഹോട്ടൽ ആരംഭിക്കുന്നതിനുള്ള  നടപടികൾ സ്വീകരിക്കാൻ നഗരസഭാ സെക്രട്ടറിമാർക്ക് നിർദേശം നൽകി.

മൃഗങ്ങളുടെ തീറ്റ, കൃഷിക്ക് ആവശ്യമായ വളം എന്നിവ വിൽക്കുന്ന കടകൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചും കുറഞ്ഞ ജീവനക്കാരെ ഉൾപ്പെടുത്തിയും ശനി, ഞായർ ദിവസങ്ങളിൽ എല്ലാ സ്ഥലങ്ങളിലും തുറന്നു പ്രവർത്തിക്കാമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ .വിശ്വനാഥ്, എ.ഡി.എം എൻ.എം. മെഹ്റലി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.പി റീത്ത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ  എന്നിവർ പങ്കെടുത്തു.
 

date