Skip to main content

ആയുര്‍വേദ ആശുപത്രികളില്‍ കോവിഡാനന്തര ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കും

 

പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലും മണ്ണാര്‍ക്കാട് തെങ്കര, തരൂര്‍, ഒറ്റപ്പാലം എന്നീ ഗവ. ആയുര്‍വേദ ആശുപത്രികളിലും ജൂണ്‍ 10 മുതല്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എസ് ഷിബു അറിയിച്ചു.

സര്‍ക്കാര്‍ -സ്വകാര്യ മേഖലയിലെ മുഴുവന്‍ ആയുര്‍വേദ ഡോക്ടര്‍മാരെയും ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാണ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭാരതീയ ചികിത്സ വകുപ്പ് ജില്ലയിലേക്ക് മാത്രം 58 ലക്ഷം രൂപയുടെ മരുന്ന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് രോഗികള്‍ക്ക് ആയുര്‍വേദ മരുന്ന് കിറ്റ് വിതരണം നടത്തുന്നുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശരിയല്ലെന്നും ഓരോ വ്യക്തികളുടെയും വിവരങ്ങള്‍ അന്വേഷിച്ച് ഓരോരുത്തര്‍ക്കും പ്രത്യേകം മരുന്നുകളാണ് നല്‍കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം അറിയിച്ചു.

കൂടാതെ ചെറുതുരുത്തി പഞ്ചകര്‍മ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 'ആയുഷ് 64' മരുന്നുവിതരണം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴി നടത്തിവരുന്നു.
ജില്ലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി കോവിഡ് ക്കാല ചികിത്സയ്ക്ക് ആയുര്‍വേദത്തെ ഉപയോഗപ്പെടുത്തിയത് രണ്ട് ലക്ഷത്തിലേറെ പേരാണെന്നും ജില്ലാ ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെലിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു.

date