Skip to main content

കോവിഡ് വാക്സിനേഷൻ; ജില്ലയിൽ രൂപ രേഖ തയ്യാറാക്കി

 

 

 

ദിവസം 43,000 പേർക്ക് വാക്സിൻ നൽകുക ലക്ഷ്യം 

കൂടുതൽ പേർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായി
ജില്ലയിൽ വാക്സിനേഷൻ രൂപരേഖ തയ്യാറാക്കി. മതിയായ സൗകര്യങ്ങളോടെ  വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ  തദ്ദേശ സ്വയംഭരണാസ്ഥാപനങ്ങൾക്ക് ജില്ലാകലക്ടർ സാംബശിവറാവു നിർദ്ദേശം നൽകി.

 വാക്സിനേഷൻ കേന്ദ്രങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളിലെ ജീവനക്കാരെയോ ലഭ്യമായ ആശുപത്രി ജീവനക്കാരെയോ  നിയോഗിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഹെൽത്ത് ഓഫീസർമാരുടെയോ മെഡിക്കൽ ഓഫീസർമാരുടെയോ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ സജ്ജമാക്കേണ്ടത്. ദിവസം തോറും ഇരുന്നൂറു പേർക്ക് ഈ കേന്ദ്രങ്ങൾ വഴി വാക്സിൻ നൽകാനാണ് നിർദ്ദേശം.  

 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 200, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 300, ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 350, താലൂക്ക് ആശുപത്രികളിൽ 500, ജില്ലാ ആശുപത്രികളിൽ 750, ഗവ. ജനറൽ ആശുപത്രിയിൽ 750, മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1,000 വീതം 43,000 പേർക്കാണ് പ്രതിദിനം വാക്സിനേഷൻ നൽകുക.

 ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമാണ് വാക്സിനേഷൻ സ്വീകരിക്കാൻ സാധിക്കുക. ഓൺലൈൻ സൗകര്യം ലഭ്യമല്ലാത്ത ആളുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കും. 18 വയസ്സിന് മുകളിലുള്ള എല്ലാ പ്രായക്കാർക്കും എല്ലാദിവസവും വാക്സിനേഷൻ ലഭിക്കും. ആർ. സി.എച്ച് ഓഫീസർ, ഹെൽത്ത് ഓഫീസർ, മെഡിക്കൽ ഓഫീസർ തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ് നിർവഹണ ചുമതല.

date