ഇ.വി.എം ,വിവിപാറ്റ് മെഷീനുകൾ ഇന്ന് ആർ.ഒയ്ക്ക് കൈമാറും
ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉപയോഗത്തിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വി.വി പാറ്റ് മെഷീനുകളും ചൊവ്വാഴ്ച കൈമാറും. രാവിലെ 10മണിക്ക് വരണാധികാരിയായ ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസർക്കാണ് കൈമാറുക.ഒന്നാംഘട്ട പരിശോധനയ്ക്ക് ശേഷം കളക്ടറേറ്റ് ഇലക്ഷൻ വെയർ ഹൗസ് ഗോഡൗണിലാണ് ഇവ സൂക്ഷിച്ചുവരുന്നത്.
(പി.എൻ.എ 1058/ 2018)
തിരഞ്ഞെടുപ്പ് സുരക്ഷ:
സായുധ പോലീസിനെ നിയോഗിച്ചു
ആലപ്പുഴ:ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ചുമതലകൾക്കായി ഒരു കമ്പനി സെൻട്രൽ ആർമ്ഡ് റിസർവ് ഫോഴ്‌സിനെ നിയോഗിച്ചു. ഇവർ ചെങ്ങന്നൂർ സ്‌കൂളിലാണ് ക്യാമ്പ് ചെയ്യുന്നത്. വോട്ടെടുപ്പ് ദിവസം, കൗണ്ടിങ്, സ്‌ട്രോങ് റൂം സുരക്ഷ എന്നിവയ്ക്കായി സായുധസേനയുടെ സഹായം തേടും. പ്രശ്‌നബാധിത ബൂത്തുകളിൽ മുഴുവൻ സമയ നിരീക്ഷണത്തിനായി വെബ്കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുുണ്ട്.
പോളിങ് ജോലികൾക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കുള്ള പരിശീലനം നടന്നു വരികയാണ്. ഇന്ന്് (മെയ് 22)ഹരിപ്പാട് ഗവമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ നടക്കു പരിശീലന പരിപാടിയോടെ ഇത് സമാപിക്കും. ഇതുവരെ 1200 പേരോളം പരിശീലനം പൂർത്തിയാക്കി. കാർത്തികപ്പള്ളി തഹസിൽദാർക്കാണ് പരിശീലനത്തിന്റെ ചുമതല.
(പി.എൻ.എ 1060/ 2018)
പോസ്റ്ററുകളും ലഘുലേഖകളും: രേഖകൾ
മൂന്നു ദിവസത്തിനകം നൽകണം
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ കക്ഷികളും സ്ഥാനാർഥികളും അച്ചടിക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും അച്ചടി പൂർത്തിയാക്കി മൂന്നു ദിവസത്തിനകം ജില്ല മജിസ്‌ട്രേറ്റായ ജില്ല കളക്ടർക്ക് സമർപ്പിച്ചിരിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ടി.വി.അനുപമ വ്യക്തമാക്കി. 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അച്ചടിക്കുന്ന ഇത്തരത്തിലുള്ള പ്രചരണ സാമഗ്രികളിൽ അച്ചടിക്കാരന്റേയും പ്രസാധകന്റേയും പേരും വിലാസവും ഉണ്ടായിരിക്കണം. പ്രസാധകന്റെ തിരിച്ചറിയൽ സംബന്ധിച്ച് അയാൾ ഒപ്പിട്ട സത്യപ്രസ്താവനയും അയാളെ നേരിട്ടറിയാവുന്ന രണ്ടുപേരുടെ സാക്ഷ്യവും അച്ചടിക്കാരന് രണ്ടു പകർപ്പ് നൽകാതെ അച്ചടി നടത്തരുത്. ഇത് ലംഘിക്കുന്നവർക്ക് ആറുമാസത്തെ തടവിനോ 2000 രൂപ പിഴയ്‌ക്കോ രണ്ടിനും കൂടിയോ ശിക്ഷയ്ക്ക് അർഹമാണെന്ന് കളക്ടർ മുന്നറിയിപ്പു നൽകി. ഇനിയും രേഖകൾ നൽകിയിട്ടില്ലാത്തവർ അടിയന്തരമായി അവ സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടിവരുമെന്നും ജില്ല കളക്ടർ മുന്നറിയിപ്പു നൽകി.
(പി.എൻ.എ 1061/ 2018)
മത്സ്യബന്ധനത്തിന് പോകരുത്
ആലപ്പുഴ: അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ് വശം ഒരു ന്യൂനമർദ്ദം രൂപപെട്ടിട്ടുള്ളതിനാൽ അടുത്ത 48 മണികൂറിനുള്ളിൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന് പരിസരത്തും ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ് ഭാഗത്തേക്കും മത്സ്യബന്ധനത്തിന് പോകരുത്. ഇതിനാൽ 26വരെ ലക്ഷദ്വീപിൻറെ പരിസരവും ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ് ഭാഗവുമുള്ള അറബികടൽ പ്രക്ഷുബ്ധമായിരിക്കും.
(പി.എൻ.എ 1062/ 2018)
നിപാ വൈറസ് ഭീതി വേണ്ട ;ജാഗ്രത വേണം
ആലപ്പുഴ: കോഴിക്കോട് പനി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും എന്നാൽ ഭയപ്പെടേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.നിപാ വൈറസ് വവ്വാലുകളിൽ നിന്നും അവ കടിക്കുന്ന മൃഗങ്ങളിൽ നിന്നും മൃഗങ്ങളുടെ സ്രവങ്ങളിലൂടെ മറ്റ് മൃഗങ്ങളിലേയ്ക്കും പകരും. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരും.
രോഗലക്ഷണങ്ങൾ
-പനി, തലവേദന, ഛർദ്ദി,തലകറക്കം, ക്ഷീണം
-ചിലർ അപസ്മാര ലക്ഷണം കാണിക്കും
-ലക്ഷണങ്ങൾ 10-12 ദിവസം നീണ്ടുനിൽക്കും.തുടർന്ന് അബോധാവസ്ഥ മൂർദ്ധന്യാവസ്ഥയിൽരോഗം മസ്തിഷ്‌ക ജ്വരത്തിലേക്ക് നീളും. ഇതോടെ മരണം സംഭവിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-പക്ഷിമൃഗാദികൾ കഴിച്ച പഴങ്ങൾ കഴിക്കരുത്.
- പഴങ്ങളെല്ലാം നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കാം.
-വവ്വാലുകൾ അധികമുള്ള സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കള്ളുപോലെയുള്ള പാനീയങ്ങൾ കുടിക്കരുത്.
-വവ്വാലുകൾ കൂടുകൂട്ടിയിരിക്കുന്ന ഇടങ്ങളിൽ അവയുടെ വിസർജ്യവുമായി -സമ്പർക്കമുണ്ടാവാതിരിക്കണം.
-പന്നി വളർത്തലുമായി ബന്ധപ്പെട്ടിരിക്കുന്നവരും പരിസര വാസികളും പ്രത്യേകം ശ്രദ്ധിക്കണം.
-നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക.ആ സ്ഥലങ്ങളിൽ നിന്നുവരുന്നവർ കരുതലോടെയിരിക്കണം.
- കൈകൾ കൂടെകൂടെ കഴുകുന്നത് രോഗബാധ തടയാൻ സഹായിക്കും.
-തുമ്മുമ്പോളും ചുമയ്ക്കുമ്പോളും തൂവാല ഉപയോഗിക്കുക .
-പനിയുണ്ടായാൽ സ്വയം ചികിത്സ പാടില്ല. അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.
(പി.എൻ.എ 1063/ 2018)
- Log in to post comments