Skip to main content

ഹരിത കേരള പുരസ്‌കാരത്തിന് അപേക്ഷിക്കാം     

വീടുകളില്‍ മാതൃകാ ഖര-ദ്രവ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ജൈവകൃഷി എന്ന കാഴ്ചപ്പാടോടെ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതിയുമായി ഇടങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഹരിതകേരള പുരസ്‌കാരം-2018 ന് പരിഗണിക്കുന്നതിന് സംസ്ഥാന ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനത്തിന് അര്‍ഹനാകുന്നവര്‍ക്ക് 15,000 രൂപയും, രണ്ടാംസ്ഥാനത്തിന് അര്‍ഹനാകുന്നവര്‍ക്ക് 10,000 രൂപയും, മൂന്നാംസ്ഥാനത്തിന് അര്‍ഹനാകുന്നവര്‍ക്ക് 5,000 രൂപയും  നല്‍കും.
    അവാര്‍ഡിനായി പരിഗണിക്കുന്ന വിഷയങ്ങള്‍, കൈവരിച്ച നേട്ടങ്ങള്‍ ഇവയാണ്.  ഖരമാലിന്യ സംസ്‌കരണ സംവിധാനം - ഖരമാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കാനുളള സൗകര്യം ഏര്‍പ്പെടുത്തല്‍, ദ്രവമാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തല്‍, ഡ്രൈ    േവസ്റ്റ്  ശേഖരണം, കൈമാറ്റം.  ദ്രവമാലിന്യ സംസ്‌കരണ സംവിധാനം - കക്കൂസില്‍ നിന്നുളള ബ്ലാക്ക് വാട്ടര്‍ സംസ്‌കരിക്കാനുളള സംവിധാനം, കുളിമുറി, വസ്ത്രം കഴുകുന്നത് അടുക്കള തുടങ്ങിയവയില്‍ നിന്നുളള മലിനജല സംസ്‌കരണ സംവിധാനം.  മഴവെളള സംഭരണം - മഴവെളള ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനുമുളള സംവിധാനം, ഗ്രൗണ്ട് വാട്ടര്‍ റീ ചാര്‍ജ്ജിംഗ്, സ്റ്റോം വാട്ടര്‍ ഡ്രെയിന്‍ നിര്‍മാണം.  കൃഷി - പച്ചക്കറി കൃഷികളും മറ്റ് കൃഷി രീതികളും അവലംബിക്കല്‍, ജൈവ വളം വീട്ടില്‍ ഉണ്ടാക്കി ഉപയോഗപ്പെടുത്തല്‍, ബയോഗ്യാസ് പ്ലാന്റിന്റെ സ്ലറി ഉപയോഗപ്പെടുത്തല്‍, മൃഗം വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയില്‍ നിന്നുളള വളം ഉപയോഗപ്പെടുത്തല്‍, തദ്ദേശീയമായ പ്രദേശത്തിന് അനുയോജ്യമായ കൃഷി രീതി.  അപേക്ഷകള്‍ നവംബര്‍ 30 ന് മുമ്പ് ബോര്‍ഡിന്റെ അതാതു ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
പി എന്‍ സി/4303/2017

date