Skip to main content
പെരുമാട്ടി കോവിഡ് ചികിത്സാ കേന്ദ്രം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു.

പെരുമാട്ടി കോവിഡ് ചികിത്സാകേന്ദ്രം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക്  ഉണർവേകും: മുഖ്യമന്ത്രി

 

പെരുമാട്ടിയിലെ പ്ലാച്ചിമട  കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാകേന്ദ്രം  ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ ഉണർവുണ്ടാക്കാൻ  സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറ്റൂർ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയിൽ ഒരുക്കിയ കോവിഡ് ചികിത്സാ കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 വർഷമായി അടച്ചിട്ടിരുന്ന പ്ലാന്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡ് സി.എസ്.ആർ ഉദ്യമത്തിന്റെ ഭാഗമായി മെച്ചപ്പെടുത്തിയ ശേഷമാണ് കെട്ടിടം ജില്ലാ ഭരണകൂടത്തിന് വിട്ടു നൽകിയത്. മാതൃകാപരമായ  പ്രവർത്തനത്തിന് മുൻകൈയെടുത്ത കമ്പനിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

34 ഏക്കറിൽ 35000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണുള്ളത്. ഇവിടെ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെന്റിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ  എന്നിവ സജ്ജമാക്കിയിട്ടുണ്ട്. എയർ കണ്ടീഷണറോടു  കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെ.എല്‍ ഓക്സിജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്സ്-റേ കണ്‍സോള്‍, 24*7 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒ പി, ഫാർമസി എന്നിവയും സജ്ജമായി കഴിഞ്ഞു.

ജനവാസ -വ്യാപാര മേഖലകളിൽ നിന്നും അകന്നാണ് ക്യാമ്പസ് സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ കോവിഡ് ചികിത്സയ്ക്ക്  അനുയോജ്യമായ കേന്ദ്രമാണിതെന്നും  മുഖ്യമന്ത്രി പറഞ്ഞു. നാലാഴ്ച കൊണ്ടാണ് സി. എസ്.എൽ.ടി.സി യാഥാർത്ഥ്യമാക്കിയത്. ആകെ 1.10 കോടി ചെലവിലാണ് നിർമ്മിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുഖേന ജില്ലാ ഭരണകൂടം 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും ഏട്ട് ഗ്രാമപഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതം ആകെ 80 ലക്ഷം രൂപയും പദ്ധതിക്കായി നൽകി. ഇതു കൂടാതെ കേരള ആല്‍ക്കഹോളിക് പ്രൈവറ്റ് ലിമിറ്റഡ്, പ്രിന്‍സ് മൈദ,  പെരുമാട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ചിറ്റൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയും സ്പോൺസർ ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് പാലക്കാട് നിർമിതി കേന്ദ്രയും മെഡിക്കൽ ഓക്സിജൻ ടാങ്ക് സജ്ജമാക്കിയത് ശ്രീ വെങ്കിടേശ്വര ഗ്യാസ് ഏജൻസിയുമാണ്.

കോവിഡ് രോഗബാധ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിൽ മുൻപെങ്ങുമില്ലാത്ത സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറസിന്റെ ഘടന മാറും തോറും പ്രതിസന്ധിയുടെ തീവ്രതയും വർദ്ധിക്കുകയാണ്. കോവിഡ് ഒന്നാം തരംഗത്തിൽ ഓക്സിജൻ്റെയോ കിടക്കകളുടെയോ കുറവ് പ്രശ്നമായിരുന്നില്ല. എന്നാൽ രണ്ടാം തരംഗത്തിൽ പലയിടങ്ങളിലും ഇവയുടെ കുറവ് അനുഭവപ്പെട്ടു. വളരെ വേഗത്തിൽ തന്നെ ഈ പരിമിതികൾ മറികടക്കാനായി.

കോവിഡ് വലിയ രീതിയിൽ ആഘാതം ഉണ്ടാക്കിയ ജില്ലകളിലൊന്നാണ് പാലക്കാട്. രണ്ടാം തരംഗത്തിൽ പ്രതിദിനം 3500 ഓളം സജീവ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ കേസുകളുടെ ശരാശരി എണ്ണം 1300 ആണ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 31.7 ശതമാനം വരെ എത്തിയ ഘട്ടമുണ്ടായിരുന്നു. മെയ് മാസം പകുതിയിൽ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ   ഒന്നാമത് പാലക്കാട് ജില്ലയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാൻ കാര്യക്ഷമമായ ഇടപെടലുകളാണ് ജില്ലയിൽ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 53  ഡിസിസികൾ, 9 സി.എഫ്. എൽ.ടി.സി.കൾ, 4 സി. എസ്.എൽ.ടി.സി.കൾ , 9 കോവിഡ്  ആശുപത്രികൾ എന്നിവ സജ്ജമാക്കി. ഇതിനുപുറമേ 18 സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയ  സാഹചര്യം നില നിൽക്കുമ്പോഴാണ് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡ് പ്ലാച്ചിമടയിലെ ക്യാമ്പസ് കോവിഡ് ചികിത്സ സൗകര്യം ഒരുക്കുന്നതിന് വിട്ടു നൽകാൻ തയ്യാറായത്. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഇതിനായി കാര്യമായ ഇടപെടൽ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

 പ്ലാച്ചിമടയിൽ കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന    പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മുഖ്യാതിഥിയായി. കെ.ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മുരുകദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ റിഷ പ്രേംകുമാർ, എം. സതീഷ്, ജോഷി ബ്രിട്ടോ, എസ്. പ്രിയദർശനി, എസ്. അനീഷ്,  ബാലഗംഗാധരൻ, വി.എസ് ശിവദാസ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡി.എം.ഒ ഡോ.കെ.പി റീത്ത, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് മൂന്നാം തരംഗം  നേരിടാൻ സർക്കാർ സജ്ജം: മന്ത്രി വീണാ ജോർജ്

കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള ചികിത്സാ സൗകര്യങ്ങളുമായി സർക്കാർ സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ  ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറയ്ക്കുന്നതിനും  അതിജീവിക്കുന്നതിനുമായി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാലും പട്ടികവർഗ ജനസംഖ്യ ധാരാളമായുള്ള മേഖലകൾ ഉള്ളതിനാലും ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി  നടക്കുന്നുണ്ട്. ട്രൈബൽ മേഖലകളിൽ മുൻഗണനാക്രമം ഇല്ലാതെ വാക്സിനേഷൻ നടത്തുന്നതിനാൽ നല്ലൊരു ശതമാനം പേരും വാക്സിൻ സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗത്തെ മുന്നിൽക്കണ്ട് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രതിരോധത്തിനുള്ള  തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. പ്ലാച്ചിമടയിലെ കോവിഡ് ചികിത്സാകേന്ദ്രം യാഥാർഥ്യമാക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഏറെ ശ്രമങ്ങൾ നടത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു.

വിവാഹം, മരണം തുടങ്ങിയ ഒരു വിധത്തിലുള്ള ഒത്തുകൂടലുകളും ഉണ്ടാകരുത്. ഓരോരുത്തരും ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓർമിപ്പിച്ചു. വീടുകളിലും ഓഫീസുകളിലും ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാൻ ആർക്കെങ്കിലും ഒരാൾക്ക് പോസിറ്റീവ് ആയാൽ ഉടനെ  ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറി സമ്പർക്കം ഒഴിവാക്കണം. രോഗത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങൾ എല്ലാ രീതിയിലുള്ള മുൻകരുതലുകളും കൈക്കൊള്ളണമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ മുൻഗണന: മന്ത്രി കെ. കൃഷ്ണൻകുട്ടി

കോവിഡ് മഹാമാരി കാലത്ത് ഒരു ജീവൻ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ  മുൻകൈയെടുക്കുന്നതെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഹിന്ദുസ്ഥാൻ കൊക്കകോള കമ്പനിയിൽ നിന്ന് വിട്ടു കിട്ടിയ കെട്ടിടത്തിൽ കോവിഡ്  ചികിത്സാ കേന്ദ്രം ആരംഭിക്കാൻ  തീരുമാനിച്ചത്. പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.

മൂവായിരത്തോളം പേരുടെ സഹായത്തോടെയാണ് വളരെ കുറഞ്ഞ ദിവസത്തിനിടയിൽ 35000  ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ സൗകര്യങ്ങൾ ക്രമീകരിച്ചത്. ഇരുപതോളം  സന്നദ്ധപ്രവർത്തകർ യാതൊരു വേതനവും കൂടാതെയാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഴുവൻ പഞ്ചായത്ത് പ്രസിഡണ്ടുമാരോടും വിവിധ സ്ഥാപനങ്ങളോടും മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. 

ചിറ്റൂർ മേഖലയിൽ 
കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയാത്തതും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതോടെ  പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്കായി സ്ഥലം നൽകിയ കൊക്കകോള കമ്പനിയെയും മാനേജ്മെന്റ്നെയും മന്ത്രി അഭിനന്ദിച്ചു.
 

date