Skip to main content

കണ്ണൂര്‍ അറിയിപ്പകള്‍ 23-06-2021

സ്വയം നിരീക്ഷണത്തില്‍ പോകണം

ജൂണ്‍ 22ന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ ആരോഗ്യ പ്രവര്‍ത്തകരെ  ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.

സ്‌കോള്‍ കേരള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തീയ്യതി നീട്ടി

സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കണ്ടറി കോഴ്‌സില്‍ രണ്ടാം വര്‍ഷ പ്രവേശനം, പുനപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭ്യമാക്കണം.  

മരം ലേലം

കോഴിക്കോട് റെയില്‍വേ കോളനിയില്‍ നിന്നും മുറിച്ചു മാറ്റിയ മരങ്ങള്‍ ജൂണ്‍ 25ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഓഫീസില്‍ ലേലം ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ കണ്ണൂര്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

ചരക്ക് ഗതാഗതം പാടില്ല

കണ്ണൂര്‍ - കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്തിന്റെ തൂണുകളുടെ കല്ലുകള്‍ ഇളകി പാലത്തിന് ബലക്ഷയമുള്ളതിനാല്‍ ഇതുവഴിയുള്ള ചരക്ക് ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചരക്ക് വാഹനങ്ങള്‍ ചാല-തന്നട-പൊതുവാച്ചേരി-ആര്‍വിമെട്ട റോഡ് വഴി പോകേണ്ടതാണ്.

ഇ എസ് ഐ സി കൊവിഡ്-19 ആശ്വാസ പദ്ധതി

ഇഎസ്‌ഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊവിഡ് മൂലം മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത. മരണമടഞ്ഞ തൊഴിലാളിയുടെ വേതനത്തിന്റെ 90 ശതമാനം വരെയുള്ള തുക നിശ്ചിതാനുപാതത്തില്‍ വിഭജിച്ച് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യും.
കൊവിഡ് പോസറ്റീവായ തിയ്യതിക്ക് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ഇ എസ് ഐ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുകയും പോസറ്റീവ് ആയ തീയ്യതിയില്‍ ജോലിയില്‍ ഉണ്ടായിരിക്കുകയും വേണം. പോസറ്റീവ് ആയ തീയ്യതിക്ക് തൊട്ടു മുന്‍പുള്ള പരമാവധി ഒരു വര്‍ഷ കാലയളവില്‍ കുറഞ്ഞത് 70 ദിവസത്തെ അംശദായം അടയ്ക്കുകയോ അടയ്ക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയോ വേണം.
ആനുകൂല്യത്തിനുള്ള അപേക്ഷ മരണപ്പെട്ട തൊഴിലാളിയുടെ കൊവിഡ് പോസറ്റീവ് റിപ്പോര്‍ട്ടും മരണ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ അടുത്തുള്ള ബ്രാഞ്ച് ഓഫീസില്‍ നല്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ബ്രാഞ്ച് ഓഫീസിലും ഇ എസ് ഐ കോര്‍പ്പറേഷന്‍ കോഴിക്കോട് സബ് റീജിയണല്‍ ഓഫിലും ബന്ധപ്പെടുക. ഫോണ്‍ 0495 2772270

date