രക്ഷിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സാമൂഹ്യനീതി ഉറപ്പാക്കണം: ജില്ലാ കലക്ടര്‍
കാക്കനാട്: രക്ഷിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സമൂഹത്തില്‍ അന്തസ്സായി ജീവിക്കാന്‍ സാഹചര്യമൊരുക്കുക വഴി അവര്‍ക്ക് സാമൂഹ്യനീതീ ഉറപ്പാക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള പറഞ്ഞു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമം (2007) സംബന്ധിച്ച് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ നോഡല്‍ ആഫീസര്‍മാര്‍ക്ക് ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ മെയിന്റനന്‍സ് ട്രിബ്യൂണലുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നിയമം നടപ്പില്‍ വന്നതിനുശേഷം ഈ രംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. വൈയക്തികമായ സമീപനത്തിലൂടെ രക്ഷിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് നടപടിയെടുക്കണം. വാദിഭാഗത്തും പ്രതിഭാഗത്തും ബന്ധുക്കള്‍ തന്നെയാകുമെന്നതിനാല്‍ ഒരു കൗണ്‍സിലിങ് മനോഭാവത്തോടെ രമ്യമായി ഇടപെട്ട് പ്രശ്‌നം പരമാവധി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനാണ് 2007ല്‍ ഈ നിയമം പാസ്സാക്കിയത്. സ്വന്തം സമ്പാദ്യംകൊണ്ടോ സ്വത്തുകൊണ്ടോ സ്വയം സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ഈ നിയമം പരിരക്ഷ നല്‍കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വൈദ്യപരിചരണവും ചികിത്സയും, ഭക്ഷ്യസുരക്ഷയും ആരോഗ്യസുരക്ഷയും വിനോദയാത്രകള്‍, മറ്റു സുഖസൗകര്യങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.
മക്കളില്‍നിന്നോ പേരക്കുട്ടികളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ജീവനാംശവും ക്ഷേമവും മറ്റു സൗകര്യങ്ങളും ലഭിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ദത്തെടുക്കലിലൂടെയുള്ള മാതാപിതാക്കള്‍, രണ്ടാനച്ഛനോ അമ്മയോ എന്നിവര്‍ക്കും പരിരക്ഷയ്ക്ക് അര്‍ഹതയുണ്ട്. പ്രായപൂര്‍ത്തിയായ മക്കളും പേരക്കുട്ടികളും ഇതിന്റെ പരിധിയില്‍ വരും. കാലശേഷം മുതിര്‍ന്നവരുടെ വസ്തുവകകള്‍ ആര്‍ക്കാണോ എത്തിച്ചേരുക അവര്‍ സംരക്ഷണവും ജീവനാംശവും നല്‍കാന്‍ ബാധ്യസ്ഥരാണ്.
സ്വയം വരുമാനം കണ്ടെത്താനാകാത്ത മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇതിനായി റീജ്യണല്‍ റവന്യൂ ഓഫീസുകളില്‍ പ്രത്യേകം സ്ഥാപിച്ച ട്രൈബ്യൂണലില്‍ അപേക്ഷിക്കാം. അപേക്ഷകന്‍ താമസിക്കുന്നതോ അവസാനം താമസിച്ചതോ ഏതിര്‍കക്ഷി താമസിക്കുന്ന ജില്ലയിലെയോ ട്രൈബ്യൂണലിലാണ് അപേക്ഷിക്കേണ്ടത്. പരമാവധി 10000 രൂപവരെ പ്രതിമാസം ജീവനാംശമായി ലഭിക്കാം. സ്വന്തമായി അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മറ്റേതെങ്കിലും വ്യക്തികള്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ വഴിയോ ട്രിബ്യൂണലില്‍ അപേക്ഷിക്കാം. ട്രിബ്യൂണലിന് സ്വമേധയാ കേസ്സെടുക്കാം. മുതിര്‍ന്നവര്‍ക്ക് ജീവനാംശം ലഭിക്കുന്നതിന് അര്‍ഹതയുള്ള വസ്തുവകകള്‍ മറ്റ് അവകാശികള്‍ കൈമാറ്റം ചെയ്താല്‍ ഇതെക്കുറിച്ചുള്ള അറിവോടെയാണ് വസ്തു വാങ്ങിയതെന്നു തെളിഞ്ഞാല്‍, വാങ്ങിയ ആളില്‍നിന്നും ജീവനാംശം ഈടാക്കാം.
രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് വകുപ്പിന് വലിയ പങ്കാണുള്ളതെന്ന് മൂവാറ്റുപുഴ ആര്‍ഡിഒ എസ്.ഷാജഹാന്‍ പറഞ്ഞു. സമൂഹത്തില്‍ 30 മുതല്‍ 35 ശതമാനം വരെയുള്ള ഒരു വലിയ വിഭാഗത്തിന് സംരക്ഷണം ഉറപ്പാക്കേണ്ട ചുമതലയാണ് വകുപ്പിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മെയിന്റനന്‍സ് ട്രിബ്യൂണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ വിഷയാവതരണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.ശൈലകുമാര്‍, ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments