Skip to main content

പാലക്കാട് നഗരസഭയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം: ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

 

പാലക്കാട് നഗരസഭാ പരിധിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ഉടന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.ഹരിത കേരള മിഷന്‍, നഗരസഭ എന്നിവയ്ക്കാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം.  നഗരസഭാ പരിധിയില്‍  റോഡരികിലെ മാലിന്യനിര്‍മാര്‍ജനവുയി ബന്ധപ്പെട്ട് വി കെ ശ്രീകണ്ഠന്‍ എംപിയുടെ അധ്യക്ഷതയില്‍  ജില്ലാ കളക്ടര്‍ മൃണ്‍മയി  ജോഷിയുടെ സാന്നിധ്യത്തില്‍   ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

നഗരസഭയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മാലിന്യം റോഡരികില്‍ ഉപേക്ഷിക്കുന്നത് കോവിഡിനു പുറമേ  മഴക്കാലരോഗങ്ങള്‍ കൂടി പടരാന്‍ ഇടയാക്കും. കോവിഡ് ഭീതി മൂലം ആശുപത്രിയില്‍ പോയി ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമാക്കണമെന്നും വി.കെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു.  വിവിധ വകുപ്പുകളെ സംയോജിപ്പിച്ച്  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ മുന്‍കൈയെടുക്കണം. പിഡബ്ല്യുഡി, ഇറിഗേഷന്‍, മറ്റ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണം ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ ശുചീകരണത്തിന് വിനിയോഗിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

ഹരിത കര്‍മ്മ സേന യുടെ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം 100% ആക്കി മാലിന്യനീക്കം ധൃതഗതിയില്‍ ആകുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷ് പറഞ്ഞു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി.  ജി അഭിജിത്ത്,  പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

date