Skip to main content

ജില്ലയില്‍ 15 സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കും

 

ജില്ലയില്‍ 15 സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഡി.എം.ഒ(ആരോഗ്യം) ഡോ.കെ പി റീത്ത അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രസര്‍ക്കാരില്‍ തുക കെട്ടിവെച്ച് വാക്‌സിന്‍ ബുക്ക് ചെയ്തിട്ടുണ്ട്. ജൂലൈ 10 നകം വാക്‌സിന്‍ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. വാക്‌സിന്‍ എത്തിയാലുടന്‍ വിതരണം ആരംഭിക്കാനാകും. ആശുപത്രികളിലെ സൗകര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് വാക്‌സിനേഷനുള്ള അനുമതി നല്‍കിയിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍കൂടി വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടെ ജില്ലയില്‍ വാക്‌സിനേഷന്‍ പ്രക്രിയയില്‍ കാര്യമായ വേഗത കൈവരിക്കാനാകും. കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന് സന്നദ്ധത അറിയിച്ചതായും അധികൃതര്‍ പറഞ്ഞു.

നിലവില്‍ 13 ആശുപത്രികള്‍ കോവിഷീല്‍ഡ് വാക്‌സിനും രണ്ട് ആശുപത്രികള്‍ കോവിഷീല്‍ഡ്,കോവാക്‌സിന്‍ എന്നിവയ്ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അഹല്യ, അസംഷന്‍, അവൈറ്റിസ്, ക്രസന്റ്, ലക്ഷ്മി, പാലന, ട്രിനിറ്റി, രാജീവ് ഗാന്ധി, സന്ധ്യാറാം, സേവന, തങ്കം, വള്ളുവനാട്, വെല്‍കെയര്‍ ആശുപത്രികള്‍ ആകെ 17,730 ഡോസ് കോവിഷീല്‍ഡും കരുണ മെഡിക്കല്‍ കോളെജ്, പി.കെ ദാസ് ആശുപത്രി എന്നിവ ആകെ 4560 ഡോസ് കോവിഷീല്‍ഡും 1200 ഡോസ് കോവാക്‌സിനുമാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് മുഖേനയും പിന്നീട് നേരിട്ടും ആശുപത്രികള്‍ക്ക് വാക്‌സിന്‍ വാങ്ങാനാകും. കോവിഷീല്‍ഡിന് ഒരു ഡോസിന് പരമാവധി 780 രൂപയും കോ വാക്‌സിന്  1410 രൂപയുമാണ് ആശുപത്രികള്‍ക്ക് ഈടാക്കാനാവുക. കൂടുതല്‍ തുക ഈടാക്കിയാല്‍ ആരോഗ്യവകുപ്പിന് നടപടിയെടുക്കാം.

date