'ഹരിതം - സഹകരണം' 1000 പ്ലാവിന്‍ തൈകള്‍ നടന്നു
പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച 'ഹരിത കേരളം' പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി 2017 -ല്‍ സഹകരണ വകുപ്പ് സംസ്ഥാനമൊട്ടാകെ സഹകരണ സംഘങ്ങള്‍ വഴി 5 ലക്ഷം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. 'ഹരിതം സഹകരണം' എന്ന പേരില്‍ നടപ്പിലാക്കിയ ഈ പദ്ധതി വന്‍ വിജയമായിരുന്നു. ഈ പദ്ധതിയുടെ തുടര്‍ച്ചയായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2018 മുതല്‍ 2022 വരെയുള്ള 5 വര്‍ഷക്കാലം 'തീം ട്രീസ് ഓഫ് കേരള' എന്ന പേരില്‍ കേരളത്തിന്റെ തനത് വൃക്ഷങ്ങളായ പ്ലാവ്, കശുമാവ്, തെങ്ങ്, മാവ്, പുളി എന്നീ 5 ഇനം വൃക്ഷ തൈകള്‍ ഒരോ വര്‍ഷവും ഒരു ഇനം വീതം 1 ലക്ഷം തൈകള്‍ പ്രകാരം 5 ലക്ഷം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുന്നതാണ്. ലോക പരിസ്ഥിതി ദിനമായ 2018 ജൂണ്‍ 5 ന് സംസ്ഥാനമൊട്ടകെ സഹകരണ വകുപ്പ് 1 ലക്ഷം പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നു. കേരള സര്‍ക്കാര്‍ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചക്കയുടെ പ്രാധാന്യം എല്ലായിടത്തും എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ സഹകരണ വകുപ്പ് ജില്ലയിലെ സഹകരണ സംഘങ്ങള്‍ മുഖേന പരിസ്ഥിതി ദിനത്തില്‍ 10000 പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കും. ഈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ശ്രീ. സി.കെ. ഗിരിശന്‍ പിള്ള അദ്ധ്യക്ഷത വഹിക്കും.
- Log in to post comments