Skip to main content

പരിമിതികളെ മറികടന്ന് മത്സ്യകൃഷിയിൽ വിജയം കൊയ്ത് നാല് വനിതകൾ 

 

 

 

കാക്കൂർ ഗ്രാമ പഞ്ചായത്തിലെ നാല് വനിതകൾക്ക് മീൻകൃഷിയിൽ വിജയഗാഥ. ഭിന്നശേഷി ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നാഷണൽ ട്രസ്റ്റ് എൽ.എൽ.സി കാക്കൂർ പഞ്ചായത്തുമായി ചേർന്ന് നടത്തിയ മത്സ്യകൃഷിയാണ് നിരാലംബരായ വനിതകൾക്ക് കരുത്തായത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര സെന്റിൽ നിർമ്മിച്ച പടുതാകുളത്തിൽ ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിൻ്റെയും സഹകരണത്തോടെയാണ് ഇവർ വിജയം കൊയ്തത്. സംഘത്തിലെ രണ്ട് വനിതകൾ  ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാരാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.ഷാജി മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച മത്സ്യകൃഷിയുടെ 
വിളവെടുപ്പ് കാണാൻ ജില്ലാകലക്ടർ സാംബശിവറാവുവും എത്തി.  എൽ. എൽ. സി കൺവീനവർ പി.സിക്കന്തർ, നാഷണൽ ട്രസ്റ്റ്‌ മെമ്പർ ഡോ. പി.ഡി ബെന്നി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 കാക്കൂർ ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ നമ്പിടികണ്ടി ഷീബ, ഓതേനത്ത്കണ്ടി പുറായിൽ ഷീബ, കോപ്പറ്റയിൽ ഷീന, കള്ളൊളിയിൽ ഗിരിജ എന്നിവരാണ് പരിമിതികളെ മറികടന്ന് വിജയം നേടിയത്. ഫിഷറീസ് വകുപ്പ് ആന്ധ്രയിൽ നിന്ന് എത്തിച്ച് നൽകിയതും സ്വന്തമായി വാങ്ങിയതുമായ 1500 മത്സ്യങ്ങളെയാണ് കൃഷി ചെയ്തത്. ഒന്നരലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവ് വന്നത്. മത്സ്യം ആവശ്യമുള്ളവർക്കും മത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും  വിളിക്കാം. ഫോൺ: 9605278663.

date