Skip to main content

ജൂലൈ 17 വരെ മഞ്ഞ അലര്‍ട്ട് തുടരും

ജില്ലയില്‍ ജൂലൈ 17 വരെ മഞ്ഞ അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അപകട സാധ്യതയുള്ള മലയോര മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാനും രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍  ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഓറഞ്ച് ബുക്ക് 2021 അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുകയും ചെയ്യേതാണെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

ജൂലൈ 17 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്ത്  (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ജൂലൈ 14 രാത്രി 11.30 വരെ 2.5 മുതല്‍ 3.5  മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഉപഭോക്തൃ തര്‍ക്ക പരിഹാരം മീഡിയ സെല്ലില്‍ അംഗങ്ങളാവാം

 ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര  കമ്മീഷന്റെ ഭാഗമായി  മീഡിയേഷന്‍ സെല്‍ എംപാനല്‍ രൂപീകരിക്കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് നാല് വൈകിട്ട് അഞ്ച്് മണി. ലഭിക്കുന്ന അപേക്ഷകള്‍ ഉപസമിതി പരിശോധിച്ച് സെല്‍ രൂപീകരിക്കും. ഇരുപതില്‍ താഴെ അംഗങ്ങളെ മാത്രമേ മീഡിയേഷന്‍ സെല്ലില്‍ അനുവദിക്കൂ

date