പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക്കിനോട് ഗുഡ്ബൈ പറഞ്ഞ് തിരൂര്‍ നഗരസഭ
ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ തിരൂരില്‍ ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹ മണ്ഡപങ്ങളില്‍ വരെ സ്റ്റീല്‍ പാത്രങ്ങളോ വാഴയിലയോ ഉപയോഗിക്കണമെന്നാണ് നഗരസഭയുടെ കര്‍ശന നിര്‍ദ്ദേശം. ഈ പരിസ്ഥിതി ദിനത്തോടെ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന നഗരസഭയായി തിരൂരിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് നഗരസഭ ചെയര്മാന് ബാവ കല്ലീങ്ങല്‍ പറഞ്ഞു.
പ്ലാസ്റ്റിക് നിയന്ത്രണവുമായി ബന്ധപ്പെട്ട് നേരത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, മറ്റ് സ്ഥാപന മേധാവികള്‍ എന്നിവരുടെ യോഗം നഗരസഭ വിളിച്ച് ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കുകയും ചെയ്തു.
പ്ലാസ്റ്റിക് കവറുകളോടൊപ്പം സമ്പൂര്‍ണ ഫ്ളക്സ് നിരോധവും ഇതോടൊപ്പം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. കടകള്‍ തോറും സ്ക്വാഡുകള്‍ പരിശോധന നടത്തി പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്ത് പിഴ ഈടാക്കുന്നുണ്ട്. ഇത് വരും ദിവസങ്ങളിലും തുടരും.
പേപ്പര്‍ ഗ്ലാസുകളിലും പ്ലേറ്റുകളിലും പ്ലാസ്റ്റിക് ആവരണമുള്ളതിനാലാണ് വിവാഹ മണ്ഡപങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കാനാകും വിധം സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങാന്‍ നിര്‍ദ്ദേശിച്ചത്. പ്ലാസ്റ്റിക്ക് വിമുക്തമാകുന്നതോടൊപ്പം വലിയൊരു മാലിന്യത്തിന്റെ സ്രോതസ് തന്നെ ഇത് വഴി ഇല്ലാതാകുമെന്നത് വലിയൊരു നേട്ടമാണ്.
- Log in to post comments