Skip to main content

ജില്ലയെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത്

    
പരിസ്ഥിതി ദിനാഘോഷത്തിന്റെ സന്ദേശമുള്‍ക്കൊണ്ട് ജില്ലയിലെ  പ്ലാസ്റ്റിക് മാലിന്യ വിപത്തിനെ നേരിടാന്‍ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. പരിസ്ഥിതി ദിനത്തില്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിനായി കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു. പോസ്റ്റര്‍ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.      
പ്രകൃതി സൗഹൃദ ശീലങ്ങളിലേക്കും ശൈലികളിലേക്കും പുതുതലമുറ പരിവര്‍ത്തനപ്പെടുക എന്നതാണ് കാമ്പയിന്റെ മുഖ്യ ലക്ഷ്യം. ഒപ്പം പൊതുജനങ്ങളേയും വിശിഷ്യാ സ്ത്രീ - യുവജനങ്ങളേയും കാമ്പയിന്‍ അഭിസംബോധന ചെയ്യും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക, പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കൂടിക്കലരുന്ന സാഹചര്യം ഇല്ലാതാവുക, ഉപയോഗിച്ച ശേഷമുള്ള വലിച്ചെറിയലും കത്തിക്കലും തീര്‍ത്തും ഇല്ലാതാവുക എന്നിവയാണ് കൈവരിക്കാനുദ്ദേശിക്കുന്ന നേട്ടങ്ങള്‍. പദ്ധതിയുടെ പ്രഥമ ഘട്ടം ആഗസ്റ്റ് 15 നാണ് അവസാനിക്കുക.
 
ഒറ്റത്തവണ മാത്രം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍  ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഭൂമിക്കുണ്ടാക്കുന്നത്.  ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശമായി പ്ലാസ്റ്റിക് മാലിന്യങ്ങളെ പടികടത്തുക എന്ന് ഐക്യരാഷ്ട്ര സഭാ ആഹ്വാനം ചെയ്യാനുള്ള കാരണവും ഇതുതന്നെ.
വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വഴികളിലും പുറമ്പോക്കുകളിലും കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നു. കൃഷിഭൂമികളിലും ജലസംഭരണികളിലും എത്തിച്ചേരുന്നവയും നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അവസാനമെത്തിച്ചേരുന്ന സമുദ്രത്തില്‍  വന്‍ ദ്വീപുകള്‍ സൃഷ്ടിച്ച് കടല്‍ ഗതാഗതത്തിന് വരെ ഇവ ഭീഷണിയാവുന്നു.  കടലിലെ മത്സ്യ സമ്പത്തിന്റെയും ഇതര ജീവജാലങ്ങളുടെയും നിലനില്‍പ്പിന് നേരെ ചോദ്യ ചിഹ്നമുയര്‍ത്താനും ഇത് കാരണമാവുന്നു.  ഉപേക്ഷിക്കപ്പെടുന്ന വലകള്‍ മുതല്‍ സ്‌ട്രോകളും ക്യാരീബാഗുകളും പോലുള്ള നിസ്സാര വസ്തുക്കള്‍ വരെ മാരകമായ പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്.
ഇവയെ നശിപ്പിക്കാന്‍ ജനങ്ങള്‍ സ്വീകരിക്കുന്ന എളുപ്പ വഴിയായ കത്തിക്കലുകളും കാര്യങ്ങള്‍ എളുപ്പമാക്കുന്നില്ല. കത്തിക്കുമ്പോള്‍ പുറത്തു വിടുന്ന ഡയോക്‌സിന്‍ ഉള്‍പ്പെടെയുളള നിരവധി വാതകങ്ങള്‍ വന്‍ വിഷങ്ങളാണ്. ഇവയില്‍ പലതും അര്‍ബുദകാരികളുമാണ്.
റീസൈക്കിള്‍ ചെയ്യുമ്പോള്‍ പോലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ഇവയെ പാടെ അകറ്റി നിര്‍ത്തുന്നതും പ്രായോഗികമല്ല. അതുകൊണ്ടാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളോട് വിടപറയണമെന്ന് നിര്‍ദേശിക്കാന്‍ യു.എന്‍ നിര്‍ബന്ധിതമായതും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുളള പ്രചരണ - പ്രവര്‍ത്തന പരിപാടികളാണ് കാമ്പയിന്‍ ഉദ്ദേശിക്കുന്നത്. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ കോളേജ് ഘടകങ്ങള്‍ക്കാണ് പ്രാദേശിക പരിപാടികളുടെ നിര്‍വഹണ ഉത്തരവാദിത്വം. ഓരോ കോളേജ് ഘടകത്തിനും നിശ്ചിത തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചു നല്‍കും. കാമ്പസുകളിലെ വിവിധ ക്ലബ്ബുകളുടെയും  ഏജന്‍സികളുടെയും പി.ടി.എ കളുടേയും സഹായം ഇവര്‍ക്ക് ലഭ്യമാവും.  കൂടാതെ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബുകളായ ദേശീയ ഹരിത സേന വിദ്യാലയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇത് കൂടാതെ ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പ്രത്യേക ഗ്രാമ സഭ വിളിച്ചു ചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യും. പ്ലാസ്റ്റിക് ഇതര/ബദല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടേയും  കുടുംബശ്രീ, യുവജന ക്ലബ്ബുകള്‍, വായനശാലകള്‍, ഗ്രന്ഥ ശാലകള്‍, സാക്ഷരതാ കേന്ദ്രങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുടേയും രാഷ്ട്രീയ -വ്യാപാര -സാമൂഹ്യ -സാംസ്‌കാരിക സംഘങ്ങളുടേയും സഹായ സഹകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കും.

പരിപാടിയുടെ ഭാഗമായി ഹരിത നിയമങ്ങള്‍ പാലിക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ഹരിത പ്രട്ടോക്കോള്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍ അധ്യക്ഷത വഹിച്ചു.  സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഉമര്‍ അറക്കല്‍, വി. സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, ഡിവിഷന്‍ മെമ്പര്‍ അഡ്വ. ടി.കെ റഷീദലി, സെക്രട്ടറി പ്രീതിമേനോന്‍, എന്‍.എസ്.എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സമീറ, ഫ്രണ്ട്‌സ് ഓഫ് നാച്വര്‍ സെക്രട്ടറി എം.എസ് റഫീഖ് ബാബു, കാമ്പസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് മിന്നത്തുള്ളാ എന്നിവരെ കൂടാതെ വിവിധ വകുപ്പുകളേയും സ്ഥാപനങ്ങളേയും പ്രതിനിധാനം ചെയ്തുകൊണ്ട് പി. രാജു (ഹരിതകേരളം മിഷന്‍) ഐ.സമീര്‍ (പ്രസ് ക്ലബ്ബ്)  ജ്യോതിഷ് ഒ (ശുചിത്വ മിഷന്‍) അഭിജിത് മാരാര്‍ ഇ (കുടുംബശ്രീ മിഷന്‍) കെ.പി നജ്മുദ്ധീന്‍ (യുവജന ക്ഷേമ ബോര്‍ഡ്) മുഹമ്മദ് ജൗഹര്‍ (നെഹ്‌റു യുവകേന്ദ്ര) ആര്‍. രമേഷ് കുമാര്‍ (ജില്ലാ സാക്ഷരതാ മിഷന്‍) ജില്ലാ പഞ്ചായത്ത്  ഉദ്യോഗസ്ഥരായ ഉബൈദുള്ള എ.സി, പി.സി സാമുവല്‍, അഹമദ് ഉസ്മാന്‍, ഷീബ വി.ആര്‍, റോസി.സി, സായിരാജ് കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date